കോട്ടയം: രണ്ടാം തവണയാണ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. 2015ല്‍ ജില്ലാ പഞ്ചായത്തിലേക്ക് ആദ്യജയത്തില്‍ ആദ്യ ടേം പ്രസിഡന്റായി. ഇപ്പോള്‍ രണ്ടാം വട്ടവും പ്രസിഡന്റ് പദവി. ജില്ലയുടെ സമഗ്ര വികസനമാണ് ജോഷി ഫിലിപ്പിന്റെ മനസില്‍.
ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തിലൂടെ ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങളിലേക്ക് വികസനം എത്തിക്കുന്നതിന് ജില്ലാ പഞ്ചായത്ത് വഴി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികസന സ്വപ്നങ്ങൾ ദീപികയുമായി ജോഷി ഫിലിപ്പ് പങ്കുവയ്ക്കുന്നു.
ത്രിതല പഞ്ചായത്ത് നഗരസഭകളെ
ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം
ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ ഗ്രാമ,ബ്ലോക്ക്, നഗരസഭകളെ ജില്ലാ പഞ്ചായത്തുമായി ചേര്‍ത്ത് പദ്ധതികള്‍ ആവിഷ്കരിക്കണം. ഇത്തരത്തില്‍ ഒരു കോ ഓര്‍ഡിനേഷന്‍ ഉണ്ടെങ്കില്‍ ജില്ലയിലെ അടിസ്ഥാനപരമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കും. ഇതിനായിരിക്കും പ്രഥമ പരിഗണന നല്‍കുന്നത്.
രാസലഹരിക്കെതിരേ സമഗ്ര പ്രതിരോധം
ജില്ലയില്‍ രാസലഹരിയുടെ വിപണനവും വ്യാപനവും വലിയ രീതിയില്‍ വര്‍ധിച്ചു. കുട്ടികളും യുവാക്കളും ഇതിന് അടിമകളാണ്. ഇതിന്റെ വ്യാപനം തടയുന്നതിനും കുട്ടികളെയും യുവാക്കളെയും ബോധവത്കരിക്കുന്നതിനുമായി ഒരു സമഗ്രപദ്ധതി നടപ്പാക്കും.
തെരുവുനായ ശല്യം
പഞ്ചായത്ത്, നഗരസഭകളുമായി ചേര്‍ന്ന് തെരുവുനായ ശല്യം പരിഹിക്കുന്നതിന് ഇപ്പോള്‍ പദ്ധതിയുണ്ട്. ഇതിലെ പോരായ്മകള്‍ പരിഹരിക്കാനും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനും ശ്രമിക്കും.
കാര്‍ഷികമേഖല
റബറും നെല്ലുമാണ് ജില്ലയുടെ പ്രധാന കാര്‍ഷികവിളകള്‍. നെല്‍കൃഷി മേഖലയില്‍ വലിയ പ്രതിസന്ധിയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് നെല്‍കൃഷിയെ സംരക്ഷിക്കാനും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താനും പദ്ധതി ആവിഷ്കരിക്കും.
കൊയ്ത്ത് യന്ത്രങ്ങള്‍ നിലവിലുള്ളത് അറ്റകുറ്റപ്പണിചെയ്തും പുതിയവ വാങ്ങിയും കര്‍ഷകര്‍ക്കു നല്‍കും. പോളവാരല്‍ യന്ത്രവും പുതിയവ വാങ്ങി ജലാശയങ്ങളിലെ പോളശല്യം ഒഴിവാക്കും. റബര്‍ കര്‍ഷകര്‍ക്ക് സഹായകരമായി റബറധിഷ്ഠിത വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
ഏബിള്‍ കോട്ടയത്തിനു തുടര്‍ച്ച
2015ല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനായി നടത്തിയ പദ്ധതിയാണ് ഏബിൾ കോട്ടയം. ഇത് ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കി. ഇക്കുറി ഇതിന്റെ തുടര്‍ച്ചയായി ഒരു പദ്ധതി നടപ്പാക്കും. ഇതില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെയും ഉള്‍പ്പെടുത്തും. ഒപ്പം സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗുണകരമാകുന്ന പദ്ധതിയും മനസിലുണ്ട്.
ടൂറിസം മേഖല
ടൂറിസത്തിനു വലിയ സാധ്യതയുള്ള പ്രദേശമാണ് കോട്ടയം. ജില്ലയിലെമ്പാടും ഒരു പഞ്ചായത്തില്‍ ഒരു ടൂറിസ്റ്റ് ജനകീയ കേന്ദ്രം, പൊതു ഇടം എന്ന രീതിയില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ കൂടുതല്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കും.
പ്രളയരഹിത കോട്ടയം
പ്രളയ സമയത്ത് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വേമ്പനാട്ടു കായലിന്റെ ആഴംകൂട്ടി വെള്ളം കായലിലേക്കും കടലിലേക്കും ഒഴുക്കാനുള്ള പദ്ധതി നടപ്പാക്കും. ഒപ്പം ജലാശയങ്ങളും ജലസ്രോതസുകളും ശുദ്ധീകരിക്കാനുള്ള സമഗ്ര പദ്ധതിയും ആവിഷ്കരിക്കും.
പദ്ധതി വിനിയോഗവും പ്ലാന്‍ ഫണ്ടും
തെരഞ്ഞെടുപ്പും മുന്‍ ഭരണസമിതിയുടെ അനാസ്ഥയും മൂലം പദ്ധതി വിനിയോഗത്തിലും പ്ലാൻ ഫണ്ട് വിതരണത്തിലും പോരായ്മ ഉണ്ടായിട്ടുണ്ട്. ഇതു പരിഹരിക്കാനുളള തീരുമാനം ജില്ലാ പഞ്ചായത്തിന്റെ ആദ്യ യോഗത്തിലുണ്ടാകും.
Tags : Joshi Philip nattuvishasham local news