ഓട്ടം പ്രതീക്ഷിച്ച് കള്ളാടിയില്‍ പാര്‍ക്ക് ചെയ്യുന്ന ജീപ്പുകള്‍.
മേപ്പാടി: എട്ടുപേരുടെ മരണത്തിനിടയാക്കിയ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൊള്ളായിരംകണ്ടിയില്‍ വിനോദസഞ്ചാരത്തിന് ജില്ലാ ദുരന്തനിവാരണ അഥോററ്റി ഏര്‍പ്പെടുത്തിയ വിലക്ക് അനേകം ആളുകളെ പ്രയാസത്തിലാക്കി.
വിലക്ക് എപ്പോള്‍ പിന്‍വലിക്കുമെന്ന് ഉറ്റുനോക്കുകയാണ് പ്രദേശത്തെ ടാക്സി ഡ്രൈവര്‍മാരും മറ്റു തൊഴിലാളികളും വ്യാപാരികളും. കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിഞ്ഞ ജൂലൈ ഏഴിന് ബാധകമാക്കിയതാണ് തൊള്ളായിരംകണ്ടിയില്‍ വിനോദസഞ്ചാര വിലക്ക്. രണ്ട് കണ്ണാടിപ്പാലങ്ങള്‍, അനുബന്ധ സംരംഭങ്ങള്‍, 20 ഓളം റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 300ല്‍പരം തൊഴിലാളികള്‍ ഇവിടെയുണ്ട്.
തൊള്ളായിരംകണ്ടിയിലേക്ക് ഓഫ്റോഡ് സര്‍വീസ് നടത്തുന്ന ടാക്സി ജീപ്പുകളിലെ തൊഴിലാളികള്‍ പുറമേ. ഇവരെല്ലാം വരുമാനം നിലച്ച് ദൈനംദിന ജീവിതത്തിന് പ്രയാസപ്പെടുകയാണ്. ദുരന്തം നടന്നതിന്റെ സമീപ പ്രദേശമായതിനാലാണ് തൊള്ളായിരംകണ്ടിയില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
മണ്ണിടിച്ചിലില്‍ മീനാക്ഷി പാലത്തിന് ബലക്ഷയം ഉണ്ടായോ എന്ന സംശയവും ഇതിനിടയാക്കി. കൈവരികള്‍ക്ക് കേടുപാടുകളുണ്ടായി എന്നതൊഴിച്ചാല്‍ പാലത്തിന് ബലക്ഷയമില്ലെന്നാണ് പരിശോധനയില്‍ കണ്ടത്.
അടിഞ്ഞ മണ്ണ് നീക്കിയ മുറയ്ക്ക് പാലത്തിലൂടെ സ്വകാര്യ വാഹനങ്ങള്‍, വിദ്യാര്ഥികളെകൊണ്ടുപോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍, സൂചിപ്പാറ, അട്ടമല എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ എന്നിവ കടത്തിവിടുന്നുണ്ട്. എന്നാല്‍ ദുരന്തം നേരിട്ടുബാധിക്കാത്ത തൊള്ളായിരം കണ്ടിയിലെ വിലക്ക് തുടരുകയാണ്.
നൂറുകണക്കിന് ആളുകളുടെ ജീവിതമാര്‍ഗം മുടങ്ങിയ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : Nattuvishesham DistrictNews