യുഡിഎഫിനെ കൂടുതല്‍ തവണ വിജയിപ്പിക്കുകയും ഇരുമുന്നണികള്‍ക്കും തുടര്ജയങ്ങളും പരാജയവും സമ്മാനിക്കുകയും ചെയ്ത ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മണ്ഡലം. ഉയരം കൂടുന്തോറും പോരാട്ടത്തിന്റെ കടുപ്പവും കൂടുമെന്ന് തെളിയിച്ച കോതമംഗലം മണ്ഡലത്തില്‍ ഇക്കുറിയും ഹൈ വോള്‍ട്ടേജ് മത്സരമാണ്.
മണ്ഡല രൂപീകരണത്തിനു ശേഷം നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ പത്ത് തവണ യുഡിഎഫും നാല് തവണ എല്‍ഡിഎഫും വിജയിച്ചു. 1965ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ കെ.എം. ജോര്‍ജ് ആണ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. 2016 മുതല്‍ ജയം എല്‍ഡിഎഫിനൊപ്പമാണ്.
കാലങ്ങളായി വലത്തോട്ടു ചായ്വുണ്ടായിരുന്ന മണ്ഡലത്തെ ഇടത്തോട്ടു ചരിച്ചതിന്റെ ക്രെഡിറ്റുമായി തുടര്‍ച്ചയായി മൂന്നാം വട്ടവും സിറ്റിംഗ് എംഎല്‍എ സിപിഎമ്മിലെ ആന്റണി ജോണ്‍ തന്നെയാണ് മത്സരരംഗത്തുള്ളത്. അതേസമയം 2021ല്‍ 6,605 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഭഗീരഥ യത്നത്തിലാണു യുഡിഎഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ ഷിബു തെക്കുംപുറം.
കഴിഞ്ഞ തവണയും ഷിബു തെക്കുംപുറം തന്നെയാണ് യുഡിഎഫിനായി ജനവിധി തേടിയത്. അന്ന് ആന്റണി ജോണിന്റെ ഭൂരിപക്ഷം കുറയ്ക്കുന്നതിന് നിര്‍ണായക പങ്ക് വഹിച്ച ട്വന്റി 20യെ പാളയത്തിലെത്തിച്ച്, ബിഡിജെഎസ് സ്ഥാനാര്‍ഥി(അജി നാരായണ ൻ)യുമായി എന്‍ഡിഎയും മത്സരരംഗത്ത് സജീവമായതോടെ ഇത്തവണ ഹൈറേഞ്ച് പോരാട്ടം തീപാറും.
റബറും ഇതര തോട്ടവിളകളും ഉള്‍ക്കൊള്ളുന്ന മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും കൃഷിചിന്തകളും ചര്‍ച്ചകളുമാണ് പ്രധാനം. ഒപ്പം തങ്കളം-കാക്കനാട് നാലുവരിപ്പാത, ആലുവ-മൂന്നാര്‍ രാജപാത, നിര്‍ദിഷ്ട ചേലാട് രാജ്യാന്തര സ്റ്റേഡിയം തുടങ്ങിയവയെല്ലാം ഇതിനോടകം പ്രചാരണങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു.
വര്‍ഷങ്ങളോളം മരവിച്ചു കിടന്ന പദ്ധതികള്‍ക്കു പുതു ജീവന് നല്കാന് കഴിഞ്ഞതും സര്‍ക്കാരിന്റെ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. വന്യജീവി ആക്രമണങ്ങളിലടക്കം മലയോര മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാരിന്റെ അലംഭാവം തുറന്നു കാട്ടിയാണ് യുഡിഎഫും എന്‍ഡിഎയും വോട്ടു തേടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോതമംഗലം ആഞ്ഞുപുല്‍കിയത് യുഡിഎഫിനെയാണ്. മുനിസിപ്പാലിറ്റിയും ആകെയുള്ള എട്ട് പഞ്ചായത്തുകളും യുഡിഎഫ് ആണ് ഭരിക്കുന്നത്.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം ഒരിക്കൽകൂടി ഇടത്ത് നിലയുറപ്പിക്കുമോ അതോ ഒന്നു വലത്തേക്കു ചരിയുമോ? അതുമല്ല, വിസ്മയം സംഭവിക്കുമോ എന്ന് കാത്തിരുന്ന് കാണണം.
തെരഞ്ഞെടുപ്പ് ചരിത്രം
1965ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി മത്സരിച്ച കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ കെ.എം ജോര്‍ജ് വിജയിച്ചു. 1967ല്‍ ടി.എം. മീതിയനിലൂടെ മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. 1970ല്‍ എം.ഐ. മര്‍ക്കോസ് മണ്ഡലം വീണ്ടും യുഡിഎഫിനൊപ്പം ചേര്‍ത്തു.
പിന്നീട് നടന്ന ഏഴ് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി യുഡിഎഫിന്റെ തേരോട്ടമായിരുന്നു. 1977ല്‍ കേരള കോണ്‍ഗ്രസ് നേതാവ് എം.വി. മാണി, 1980, 1982, 1987 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് ടി.എം. ജേക്കബ്, 1991, 1996, 2001 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ വി.ജെ. പൗലോസ് എന്നിവരാണ് വിജയം ആവര്‍ത്തിച്ചത്. എന്നാല്‍ 2006ല്‍ കേരള കോണ്‍ഗ്രസ് ജോസഫിലെ ടി.യു. കുരുവിളയിലൂടെ (അന്ന് എൽഡിഎഫിലായിരുന്നു ജോസഫ് വിഭാഗം) മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫിന്റെ വിജയ തേരോട്ടത്തിന് എല്‍ഡിഎഫ് തടയിട്ടു.
2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പം ചേര്‍ന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം അതേ ടി.യു. കുരുവിളയെ തന്നെ ഇറക്കി മണ്ഡലം യുഡിഎഫിന്റെ കൈകളിലെത്തിച്ചു.
2016ല്‍ മൂന്നാം അങ്കത്തിനിറങ്ങിയ ടി.യു. കുരുവിളയ്ക്ക് അടിതെറ്റി. ആന്റണി ജോണ്‍ എന്ന യുവനേതാവിലൂടെ മണ്ഡലം ചുവപ്പിച്ച എല്‍ഡിഎഫ് 2021ലും ആന്റണി ജോണിലൂടെ നിലനിർത്തി.