കറുകച്ചാൽ: കാട്ടുപന്നികൾ വിഹരിക്കുന്നു. പൊറുതിമുട്ടി നാട്ടുകാർ. പരിഹാരം തേടാതെ അധികൃതർ. കഴിഞ്ഞദിവസം പുലർച്ചെ നെടുംകുന്നം കാണക്കാലായിൽ കെ.ആർ. മധുവിന്റെ കൃഷിയിടത്തിലെ കപ്പ, പച്ചക്കറി കൃഷികൾ പൂർണമായി നശിപ്പിച്ചു. ഇരുപതോളം കാട്ടുപന്നികളുടെ കൂട്ടമാണ് കൃഷി നശിപ്പിച്ചത്. നായ കുരയ്ക്കുന്നതു കേട്ട് വീട്ടുകാർ ഉണർന്നു നോക്കിയപ്പോഴാണ് കാട്ടുപന്നിക്കൂട്ടത്തെ കണ്ടത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏക്കർ കണക്കിനു വാഴ, ചേന, ചേമ്പ്, കപ്പ, റബർ തുടങ്ങിയ കൃഷികൾ കാട്ടുപന്നികളുടെ ആക്രമണത്തിൽ നശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്കു സംഭവിക്കുന്നത്്. കൃഷിയിടങ്ങൾക്കു പുറമേ തിരക്കേറിയ റോഡുകളിലും കാട്ടുപന്നികൾ ഇറങ്ങിത്തുടങ്ങി. രാത്രികാലങ്ങളിൽ മാത്രമല്ല, പകലും മൈലാടി , നാരകച്ചാൽ, നെടുങ്ങാടപ്പള്ളി, ഉമ്പിടി തുടങ്ങിയ സ്ഥലങ്ങളിൽ ഇവറ്റകൾ സാധാരണയാണ്. മുളയംവേലി, ഇടത്തിനാട്ടുപടി, കുരുന്നംവേലി, നാരകച്ചാൽ തുടങ്ങിയ ഭാഗങ്ങളിലെല്ലാം കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണ്.
കാട്ടുപന്നികളെ ഭയന്ന് പല കർഷകരും കൃഷിയിറക്കാതെയായി. കറുകച്ചാൽ, പനയമ്പാല, ശാന്തിപുരം, കൂത്രപ്പള്ളി, ഉമ്പിടി മേഖലകളിലും കാട്ടുപന്നി ശല്യം പതിവാണ്. പുലർച്ചെ ടാപ്പിംഗിനും മറ്റു ജോലികൾക്കും പോകാൻ ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യമാണ് നിലവിൽ. പഞ്ചായത്തുകൾ ഷൂട്ടർമാരെ നിയോഗിച്ചെങ്കിലും ഇവരുടെ കണ്ണിൽപ്പെടാതെ കാട്ടുപന്നികൾ രക്ഷപ്പെട്ടു നടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
Tags : Local News Nattuvishesham Kottayam