കാട്ടാന നശിപ്പിച്ച മൂലേപ്പാടത്തെ പടവിൽ ജോഷിയുടെ കൃഷിയിടം.
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടത്ത് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂലേപ്പാടം-അരയാട് എസ്റ്റേറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോയ ടാപ്പിംഗ് തൊഴിലാളികൾ കാട്ടാനയുടെ മുന്നിൽപ്പെട്ടു. തുടർന്ന് ബൈക്കിൽ നിന്നിറങ്ങി ഓടിയാണ് ഇവർ രക്ഷപ്പെട്ടത്.
മൂലേപ്പാടത്തെ പടവിൽ ജോഷിയുടെ വീടിന് സമീപമുള്ള കൃഷിയിടത്തിലെ നൂറിലേറെ വാഴകൾ കാട്ടാന നശിപ്പിച്ചു. നിലന്പൂർ-നായാടംപൊയിൽ മലയോര റോഡിലാണ് പുലർച്ചെ കാട്ടാന ഭീതി പരത്തിയത്. കഴിഞ്ഞ ദിവസം പെരുവന്പാടം നഗറിലെ ആദിവാസിയായ ഗിരീഷിനെ പട്ടാപ്പകൽ ആക്രമിച്ച മോഴയാനയാണ് വീണ്ടുമെത്തിയത്. നിരവധി ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണിത്. പെരുവന്പാടം വനമേഖലയിൽ നിന്ന് കുറുവൻപുഴ കടന്ന് പുലർച്ചെ നാലോടെ എത്തിയ കാട്ടാന രാവിലെ ആറോടെയാണ് റോഡിലൂടെ 300 മീറ്ററിലേറെ സഞ്ചരിച്ചശേഷം കുറുവൻപുഴ കടന്ന് പെരുവന്പാടം വനത്തിലേക്ക് തന്നെ മടങ്ങിയത്.
മോഴയാന ഉൾപ്പെടെ നാല് ആനകളാണ് പെരുവന്പാടം വനത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. പന്തീരായിരം, മൂവായിരം വനമേഖലകൾ, എടക്കോട് തേക്ക് പ്ലാന്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് കാട്ടാനകൾ മൂലേപ്പാടം ഭാഗത്തേക്ക് എത്തുന്നത്. നൂറിലേറെ കുടിയേറ്റ കർഷകർ താമസിക്കുന്ന മൂലേപ്പാടം, തറമുറ്റം ഭാഗങ്ങളിലെയും പെരുവന്പാടത്തെ ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ നൂറ്റന്‍പതിലേറെ കുടുംബങ്ങളും കാട്ടാന ഭീതിയിലാണ്. ശല്യക്കാരായ ആനകളെ വനംവകുപ്പ് അടിയന്തരമായി പന്തീരായിരം ഉൾവനത്തിലേക്ക് കയറ്റിവിട്ടാൽ മാത്രമേ ഈ മേഖലയിലെ കാട്ടാന ഭീതിക്ക് പരിഹാരമാകൂ. നടപടിയാണാവശ്യം.