റീൽസ് ചിത്രീകരിക്കുന്നതിനിടെ തമിഴ്നാട്ടുകാരായ സഞ്ചാരികള്‍ക്കു നേരേ കാട്ടാന പാഞ്ഞടുത്തപ്പോള്‍.
മറയൂര്‍: കാന്തല്ലൂര്‍-കീഴാന്തൂര്‍ ശിവന്‍പന്തി റോഡില്‍ റീൽസ് ചിത്രീകരി ക്കുന്നതിനിടെ തമിഴ്നാട്ടില്‍നിന്നുള്ള സഞ്ചാരികള്‍ ക്കു നേരേ കാട്ടാന പാഞ്ഞടുത്തു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.
ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ മൂന്ന് കാട്ടാനകള്‍ ശിവന്പന്തിയിലെ ജനവാസമേഖലയില്‍ എത്തിയിരുന്നു. ഇതിനിടെയാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന തിരുച്ചിയില്നിന്നെത്തിയ മൂന്ന് വിനോദസഞ്ചാരികള്‍ക്കു നേരേ കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചത്.
കാട്ടാനകള്‍ പാഞ്ഞടുത്തതോടെ സഞ്ചാരികള്‍ റോഡിനു മുകളിലേക്ക് ഓടിക്കയറി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശിവന്‍പന്തി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്.
ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് എത്തുന്നത് നാട്ടുകാരിലും വിനോദസഞ്ചാരികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
മഴ കുറയുകയും ചിന്നാര്‍ മേഖലയിലെ ജലസ്രോതസുകള്‍ വറ്റിവരളുകയും ചെയ്തതോടെ ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് എത്തുന്ന സാഹചര്യമാണുള്ളത്. കാട്ടാനശല്യം രൂക്ഷമായതോടെ ശിവന്‍പന്തി പ്രദേശത്ത് ജനങ്ങള്‍ ആശങ്കയിലാണ്.
Tags : Nattuvishesham DistrictNews DeepikaNews Wild elephant