കായലിലെ വേലിയേറ്റസമയത്ത് വെള്ളത്തിൽ മുങ്ങുന്ന നേരേകടവ് റോഡ്.
ഉദയനാപുരം: നേരേകടവ്- മാക്കേക്കടവ് പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുമ്പോൾ വീതികുറഞ്ഞ നേരേകടവ്- ഉദയനാപുരം റോഡിൽ ഉണ്ടാകാൻ പോകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റോഡ് വീതികൂട്ടി പുനർനിർമിക്കുന്നതിന് ഇടപെടൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്.
11 മീറ്റർ വീതിയിൽ നിർമിച്ച പാലം തുറവൂർ-പമ്പ ഹൈവേയുടെ ഭാഗമാണ്. റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമിക്കാൻ 11മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കണം. നേരേകടവിൽനിന്ന് ഉദയനാപുരം വരെയുള്ള 2.250 കിലോമീറ്റർ ദൂരം വരുന്ന റോഡിൽ ഒന്നരക്കിലോമീറ്ററോളം ദൂരം നാട്ടു തോടിനോട് ചേർന്നാണ് പോകുന്നത്.
വളരെ താഴ്ന്നുകിടക്കുന്ന റോഡിലെ നേരേകടവ് കായലോര ഭാഗം മുതൽ മാലിയേൽ രാജപ്പൻ റോഡിനു സമീപം വരെ വേലിയേറ്റത്തിൽ റോഡ് വെള്ളത്തിൽ മുങ്ങാറുണ്ട്. തോടിന് സമാന്തരമായി റോഡ് കടന്നുപോകുന്ന ഒന്നരക്കിലോമീറ്റർ ദൂരം കരിങ്കൽ സംരക്ഷണഭിത്തി കെട്ടിയശേഷമേ റോഡ് വീതി കൂട്ടി പുനർനിർമിക്കാനാകൂ. പൊതുമരാമത്ത്, റവന്യു മന്ത്രിമാരുമായി എംഎൽഎമാരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി റോഡ് വികസനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
തോടിന്റെ അരികിലുള്ള സമീപനപാതയുടെ ഭാഗം കല്ലുകെട്ടുന്നതുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ഫണ്ട് ഉടൻ അനുവദിക്കും. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് എടുത്ത് കൂടുതൽ തുക അനുവദിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.