ഈരാറ്റുപേട്ട: വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിനെതിരേ പരിസ്ഥിതി സംരക്ഷണത്തെ മറയാക്കി തെറ്റിദ്ധാരണ സൃഷ്ടിച്ച് വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിന് വയനാട് പ്രകൃതി സംരക്ഷണസമിതിയും കോ-എക്സിസ്റ്റൻസ് കളക്ടീവും ശ്രമിക്കുകയാണെന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന ജില്ലാതല കർഷകസ്വരാജ് യോഗം കുറ്റപ്പെടുത്തി.
കർഷകരെ മറന്നുള്ള പരിസ്ഥിതിവാദം നാടിന് ആപത്താണ്. പരിസ്ഥിതി സംരക്ഷണം ആവശ്യമാണെങ്കിലും അത് കർഷകനെ ദ്രോഹിച്ചു കൊണ്ടാവരുത്. മൃഗ സെൻസസ് നടത്തി വാഹകശേഷിയിൽ കൂടുതലുള്ള മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുവാനുള്ള സർക്കാർ നിർദേശം എത്രയും വേഗം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം തടയുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ചേക്കാവുന്ന നടപടികൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് കോ-എക്സിസ്റ്റൻസ് കളക്ടീവ് രാഹുൽ ഗാന്ധിക്ക് കത്തെഴുതുകയും സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് കർഷക സ്വരാജ് സത്യഗ്രഹസമിതി യോഗം ചേർന്നത്.
ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. വി.ജെ. ജോസ്, എൻ.കെ. രാജു, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, റോജർ സെബാസ്റ്റ്യൻ, ബേബി പേണ്ടാനം, ജോഷി താന്നിക്കൽ, അഡ്വ. ഷുഹൈൽ ഖാൻ, അപ്പച്ചൻ തെള്ളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Districte News