മണര്‍കാട്-കിടങ്ങൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകൾക്കായി ആവശ്യം ശക്തം
മണര്‍കാട്: മണര്‍കാട് - കിടങ്ങൂര്‍ റൂട്ടില്‍ 60ല്‍പ്പരം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസില്ല. സര്‍ക്കാര്‍ പ്രിയദര്‍ശനി ബസുകളില്‍ സൗജന്യ യാത്ര നടപ്പാക്കിയെങ്കിലും ഈ റൂട്ടില്‍ പ്രിയദര്‍ശനി സര്‍വീസ് ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍. പദ്ധതി നടപ്പാക്കി ആഴ്ചകള്‍ പിന്നിട്ടിട്ടും ഈ റൂട്ടിലൂടെ ബസുകള്‍ ആരംഭിച്ചില്ല.
അയര്ക്കുന്നത്തുള്ളവര് സൗജന്യ യാത്രയ്ക്കായി ഒന്‍പതു കിലോമീറ്ററോളം യാത്ര ചെയ്ത് മണര്‍കാട്ടോ ആറു കിലോമീറ്റര്‍ യാത്ര ചെയ്ത് കിടങ്ങൂരിലോ എത്തേണ്ട അവസ്ഥയാണ്. കെഎസ്ആര്‍ടി ബസുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും അധികൃതര്‍ക്ക് പല തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമായില്ല.
കോട്ടയം ഡിപ്പോയില്‍നിന്ന് ഏറ്റുമാനൂര്‍ വഴി പാലായ്ക്ക് പോകുന്ന സര്‍വീസുകളോ, പാലാ ഡിപ്പോയില്‍നിന്ന് ഏറ്റുമാനൂര്‍ വഴി കോട്ടയത്തിനു പോകുന്ന സര്‍വീസുകളോ ഇതുവഴി തിരിച്ചുവിട്ടാല്‍ ഈ പ്രദേശത്തുള്ള സ്ത്രീ യാത്രക്കാരുടെ യാത്രാ ക്ലേശത്തിനു പരിഹാരമാകും. പ്രിയദര്‍ശിനി സൗജന്യം ലഭ്യമാകും.
പുലര്‍ച്ചെയും രാത്രികാലങ്ങളിലും ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തതു മൂലം ദൂര സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് യഥാസമയം ജോലിസ്ഥലത്ത് എത്തിച്ചേരാന്‍ സാധിക്കുന്നില്ല എന്ന പരാതിയുണ്ട്. സര്‍ക്കാരിന്റെ സൗജന്യ യാത്രയുടെ ഫലം ലഭ്യമാകാത്ത സ്ഥിതിയാണ്. ഫലപ്രദമായ നടപടിയുണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു.
Tags : Local News Nattuvishesham Kottayam