കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനമായ മേയ് നാലിന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് വടകരയിലെ ആര്‍എംപിഐ-യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. രമ പറഞ്ഞത് അച്ചട്ടായി.
തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് ഏപ്രില്‍ ഒന്‍പതിനും വോട്ടെണ്ണല്‍ മേയ് നാലിനും നടക്കുമെന്ന് പ്രഖ്യാപിച്ച ഉടന്‍ ആര്‍എംപിഐ സാമൂഹിക മാധ്യമഅക്കൗണ്ടുകളില്‍ ‘മേയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തില്‍ പിണറായിസം അവസാനിക്കും' എന്ന് കുറിച്ചിരുന്നു.
ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള സൂചനകളാണ് ആദ്യറൗണ്ടുകളില്‍ പുറത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍ ആദ്യറൗണ്ടുകളില്‍ പതറിയ സാഹചര്യത്തിലായിരുന്നു കെ.കെ. രമയുടെ വാക്കുകള്‍.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനം വ്യക്തമായതോടെ ‘കൊല്ലാന്‍ ആഹ്വാനം ചെയ്തവന് വെയിലത്ത് നഗ്നനായി നില്ക്കുന്ന കാഴ്ച'എന്ന് കെ.കെ.രമ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളും ഏറെ ചര്‍ച്ചയായി. ‘പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ! ഇതു മതി. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന് പൊളളുന്ന വെയിലത്ത് നഗ്നനായി നില്ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു...രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങള്‍'.-ഇതായിരുന്നു രമയുടെ കുറിപ്പ്.
തെരഞ്ഞെടുപ്പിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മത്സരിച്ച ധര്‍മ്മടം മണ്ഡലത്തില്‍ ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴും അദ്ദേഹം പിന്നിലായിരുന്നു. അദ്ദേഹത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
2012 മേയ് നാലിനാണ് ഇന്നോവ കാറിലെത്തിയ അക്രമിസംഘം വടകര വള്ളിക്കാട് ജംഗ്ഷനില്‍ വച്ച് കെ.കെ. രമയുടെ ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊന്നത്. സിപിഎമ്മിന്റെ ചെങ്കോട്ടയായ വടകരയില്‍ കെ.കെ. രമയുടെ വിജയം, അക്രമ, കൊലപാതക രാഷ്ട്രീയത്തെ സിപിഎം അണികള്‍ പോലും പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാര്‍ വെറുക്കുകയാണെന്ന സൂചനയാണ് നല്‍കുന്നത്.
Tags : nattu vishesham Written by K.K. Rama