വിഴിഞ്ഞം: സുഹൃത്തുക്കളോടൊപ്പം പുലർച്ചെ വിഴിഞ്ഞത്ത് കടൽ കാണാനെത്തിയ എട്ടംഗം സംഘത്തിലെ രണ്ടു പേർ തിരയിൽപ്പെട്ടു. ഒരാൾ പരിക്കു കളോടെ രക്ഷപ്പെട്ടു, ഹോമിയോ ഡോക്ടറെ കാണാതായി.
വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് നന്ദനത്തിൽ കെഎസ് ഇബി റിട്ട. ഉദ്യോഗസ്ഥനായ സെൽവരാജിന്റെയും അജിതയുടെയും മകൻ എ.എസ്. ശ്രീജിത്തി(29)നെയാണ് കാണാതായത്. ഇന്നലെ പുലർച്ചെ അഞ്ചോടെ വിഴിഞ്ഞം മതിപ്പുറം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിനു സമീപമാണ് അപകടമുണ്ടായത്.
ഹോമിയോ ഡോക്ടറായി പഠനം പകർത്തിയാക്കിയശേഷം എംഡിക്ക് തയ്യാറെടുക്കുകയായിരുന്ന ശ്രീജിത്ത് തിരുവനന്തപുരം മൊട്ടമൂടിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഞായറാഴ്ചയാണ് എത്തിയത്. അവിടെ നിന്നു സുഹൃത്തുക്കളായ നേമം വിദ്യാദിരാജ ഹോമിയോ കോളജിലെ വിദ്യാർഥികളുമൊപ്പം ഇന്നലെ പുലർച്ചെ കാറിലാണ് സംഘം വിഴിഞ്ഞത്തുവന്നത്.
ലൈറ്റിന്റെ പ്രകാശമുള്ള തീരത്തുനിന്ന് കടലിന്റെ സൗന്ദര്യമാസ്വാദിക്കുന്നതിനിടയിൽ ശ്രീജിത്തും സുഹൃത്ത് ആലപ്പുഴ സ്വദേശി വിജയിയും മറ്റു മൂന്നു പേരും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ച് സ്ഥാപിച്ചിരുന്ന വേലിക്കെട്ടുകൾ താണ്ടി പാറക്കൂട്ടങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. പാറക്കൂട്ടത്തിൽനിന്നു ഫോട്ടോ എടുക്കുകയായിരുന്ന സംഘം ശക്തമായ തിരയടിയിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നു.
പാറയിടുക്കിൽ വീണ വിജയ് നേരിയ പരിക്കോടെ രക്ഷപ്പെട്ടെങ്കിലും ശ്രീജിത്തിനെ കാണാതായി. മറ്റു മൂന്നു പേരും കരയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു . ഇവരുടെ നിലവിളികേട്ട് തെട്ടടുത്ത ബാരിക്കേഡിൽ ഉണ്ടായിരുന്ന തീരദേശ പോലീസെത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിനിറങ്ങാനായില്ല. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ഫയർഫോഴ്സിന്റെ സഹായം തേടി.
വിഴിഞ്ഞത്തുനിന്നു ഫയർ ഫോഴ്സ് സംഘമെത്തിയെങ്കിലും രക്ഷാപ്രവർത്തനം നടത്താൻ അവർക്കുമായില്ല. രാവിലെ ആറ് മണി മുതൽ തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും ബോട്ടുകൾ ഇറക്കി ചെരച്ചിൽ ആരംഭിച്ചെങ്കിലും വിഫലമായി. ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റും കടൽത്തിരകളും തെരച്ചിലിന് തടസമായി.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഉച്ചക്ക് ശേഷം സേനാവിഭാഗങ്ങൾ തിരച്ചിൽ നിർത്തി. തുടർന്ന് പ്രദേശത്തെ ചിപ്പി ത്തൊഴിലാളികളായ 25 ഓളം പേർ അടങ്ങുന്ന സംഘം തെരച്ചിലിനിറങ്ങിയെങ്കിലും അവരും പിൻവാങ്ങി.
ഇന്നു വീണ്ടും തെരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അഭിജിത്താണ് കാണാതായ ശ്രീജിത്തിന്റെ സഹോദരൻ. വിഴിഞ്ഞം തീരദേശ പോലീസ് കേസെടുത്തു.
Tags : nattu vishesham Young doctor missing flood in Vizhinjam