ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നദീർ
പൂവച്ചൽ: പൂവച്ചൽ ജംഗ്ഷനിൽ യുവാവിനെ അഞ്ചോളം പേരടങ്ങുന്ന സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. പൂവച്ചൽ കൊണ്ണിയൂർ പ്ലാങ്കാലവിള പുത്തൻവീട്ടിൽ നദീറി(37)നാണ് ആക്രമണത്തിൽ പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ നദീറിനെ നാട്ടുകാർ ചേർന്നു വെള്ളനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ ലഹരി മാഫിയാ സംഘങ്ങളാണെന്നു പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഭവശേഷം പ്രതികൾ സ്ഥലത്തുനിന്നു രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഇവരിൽ ഒരാളെ കാട്ടാക്കട പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂവച്ചൽ ജംഗ്ഷനിലെ ഒരു കടയിലെത്തിയതായിരുന്നു നദീർ. കടയുടെ മുന്നിലുണ്ടായിരുന്ന യുവാക്കളിൽ ഒരാളോട് അകത്തേക്കു പ്രവേശിക്കാൻ സ്ഥലം ചോദിച്ചതാണ് തർക്കത്തിനു കാരണമായതായി നാട്ടുകാർ പറയുന്നത്. തുടർന്നു വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിലേക്കു മാറുകയുമായിരുന്നു.
Tags : NattuVishasham DistrictNews