പഴയങ്ങാടി: മാട്ടൂൽ മടക്കരയിൽ സുഹൃത്തിനൊപ്പം കിടന്നുറങ്ങിയ മത്സ്യത്തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മടക്കര തെക്ക് മുനമ്പ് റോഡിന് സമീപത്തെ പണ്ണേരി നിഖിലിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്.
മടക്കര തെക്ക് മുന്പ് റോഡിന് സമീപത്തെ പഴയി വീടിനു പിറകിലായാണ് ഇന്നലെ രാവിലെ നിഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അശോകൻ-പരേതയായ കല്യാണി ദന്പതികളുടെ മകനാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നിഖിലിനെയും സുഹൃത്തുക്കളെയും ഇവിടെ കണ്ടിരുന്നതായി പ്രദേശത്തുള്ളവർ പറഞ്ഞു.
സുഹൃത്തുക്കളിൽ രണ്ടു പേർ വൈകുന്നേരത്തോടെ ഇവിടെനിന്നു പോയിരുന്നു. മറ്റൊരു സുഹൃത്തിനൊപ്പം നിഖിൽ ഇവിടെ കിടന്നുറങ്ങുകയുമായിരുന്നു. ഇന്നലെ രാവിലെ ഉണർന്നപ്പോൾ നിഖിലിന് അനക്കമില്ലാത്തതിനെ തുടർന്ന് സുഹൃത്ത് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണപുരം പോലീസ് എത്തി പരിശോധിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു.
കണ്ണപുരം സിഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. നിർജലീകരണവും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Matul Madakkara sleeping Nikhil death