അമ്പലപ്പുഴ: യുവാക്കളെ പോലീസ് ജീപ്പിടിപ്പിച്ച സംഭവത്തിൽ പോലീസ് വിശദീകരണത്തിനെതിരേ ബന്ധുക്കൾ. പോലീസിന്റെ പ്രതികരണം യുവാക്കളെ മോശപ്പെടുത്തുന്ന തരത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
വണ്ടാനം വൃക്ഷവിലാസം ആഷിക് (18), സുഹൃത്ത് ഷിനാസ് എന്നിവര്‍ സഞ്ചരിച്ച ബൈക്കിലാണ് ജീപ്പിടിപ്പിച്ചശേഷം ഷിനാസിനെ പോലീസ് മര്‍ദിച്ചതായി ബന്ധുക്കള്‍ പരാതി നല്‍കിയത്. പോലീസിന്റെ ഭാഗം ന്യായീകരിക്കുന്ന തരത്തിൽ വീഡിയോ പകർത്തി പൊതുമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. കൂടാതെ അവർക്ക് യാതൊരു ബന്ധവുമില്ലാത്ത, ഗതാഗതനിയമലംഘനത്തിന്റെ പേരിലുള്ള വാഹനവകുപ്പിന്റെ ചെല്ലാൻ അവർ വരുത്തിയ പിഴവെന്ന തരത്തിലാണ് പോലീസ് പ്രചരിപ്പിച്ചത്.
ഹെഡ് ലൈറ്റിടാതെ ജീപ്പിലെത്തിയ പോലീസ് ബൈക്കില്‍ ഇടിപ്പിച്ച് നിര്‍മാണം നടക്കുന്ന ഹൈവേയുടെ സംരക്ഷണഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. അസഭ്യം പറഞ്ഞു പുറത്തിറങ്ങിയ പോലീസുകാരില്‍ ഒരാള്‍ ഷിനാസിന്റെ പുറത്തിടിച്ചു. ഈ സമയം ഇരുവരും ജീപ്പിനും ബൈക്കിനുമിടയില്‍ ഞെരുങ്ങി അമര്‍ന്നു. അങ്ങനെയാണ് ഇരുവരുടെയും കാലിനു പരിക്കേറ്റത്.
പോലീസ് പോക്കറ്റ് തപ്പി പണം എടുത്തശേഷം ബാങ്ക് കവര്‍ച്ച നടത്തിയതാണോ എന്ന് ചോദിച്ചു. ഹരിപ്പാട് ക്ഷേത്രത്തിൽ ഐസ്ക്രീം വിൽപ്പന കഴിഞ്ഞ് മടങ്ങുകയായിരുന്നെന്നും വിറ്റുകിട്ടിയ പണമാണെന്നും പോലീസിനോട് പറഞ്ഞു. പിന്നീടാണ് ജീപ്പ് മാറ്റുന്നത്. പോലീസിന് അബദ്ധം മനസിലായപ്പോളാണ് വീഡിയോ പകര്‍ത്തുന്നതും സഭ്യമായഭാഷയില് സംസാരിച്ചതെന്നുമാണ് യുവാക്കള്‍ പറയുന്നത്.
കൂടാതെ ഇരുവരും സഞ്ചരിച്ച ബൈക്കിന് ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് 29 ചെല്ലാനുകളിലായി 36,750 രൂപ നിലവില്‍ അടയ്ക്കാനുണ്ടെന്നും പോലീസ് പറയുകയുണ്ടായി. എന്നാല്‍, ബൈക്ക് തൗഫീക്കിന്റെ മാതാവ് സബിതയുടെ പേരിലുള്ളതാണ്.