സീബ്രാലൈനുകൾ ഇല്ലാത്ത ദേശീയപാതയിലെ 31-ാം മൈൽ ജംഗ്ഷൻ.
മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം 31-ാംമൈൽ ജംഗ്ഷനിൽ സീബ്രാ ലൈനുകളുടെ അഭാവം കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ദിവസേന ജീവൻ പണയപ്പെടുത്തിയാണ് റോഡ് മുറിച്ചുകടക്കുന്നത്.
ദേശീയപാതയിൽ നിരപ്പായ ഭാഗമായതിനാൽ ഈ മേഖലയിൽ വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്. 31-ാംമൈലിൽ രണ്ട് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവും സ്കൂൾ സമയങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വേഗം നിയന്ത്രിക്കാനോ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനോ ഉള്ള യാതൊരു സംവിധാനവും ഇവിടെയില്ല.
റോഡ് മുറിച്ചുകടക്കാൻ കഴിയാതെ വിഷമിക്കുന്ന പ്രായമായവർക്കും കുട്ടികൾക്കും പലപ്പോഴും തുണയാകുന്നത് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരാണ്. ഇവർ വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നത്. എന്നാൽ ഇത് പ്രായോഗികമായ സ്ഥിരസംവിധാനമല്ലെന്നും അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
സമീപത്തെ മറ്റ് ജംഗ്ഷനുകളിലെല്ലാം ദേശീയപാതാവിഭാഗം സീബ്രാലൈനുകൾ വരച്ച് സുരക്ഷ ഉറപ്പാക്കിയിട്ടും 31-ാംമൈൽ ജംഗ്ഷനെ മാത്രം ഒഴിവാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണെന്നും അടിയന്തരമായി സീബ്രാലൈനുകൾ വരച്ച് ഇവിടെ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നും വാർഡ് മെംബർ റോയി കപ്പിലുമാക്കൽ ആവശ്യപ്പെട്ടു.
Tags : Zebra Lines nattuvishesham local news