Editorial Audio
സമരത്തിനിറങ്ങിയ ‘പാറ്റ’കൾക്കെതിരേ രജിസ്റ്റർ ചെയ്ത മുഴുവൻ എഫ്ഐആറുകളും പ്രത്യേക അധികാരമുപയോഗിച്ചു റദ്ദാക്കിയത് സുപ്രീംകോടതിയുടെ ചരിത്രപരമായ ഇടപെടലാണ്. സർക്കാരിനെതിരേയുള്ള ന്യായമായ സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കോടതി പരോക്ഷമായി ഓർമിപ്പിച്ചിരിക്കുന്നു. മറ്റൊരു ശ്രദ്ധേയ വസ്തുത, സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടെ ഉത്ഭവത്തിനു കാരണമായ പരാമർശങ്ങൾ നടത്തിയ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് തീരുമാനമെടുത്തത്.
വിമർശനങ്ങളെ വ്യക്തിപരമായോ വിമർശകരെ ശത്രുക്കളായോ കാണാത്ത ന്യായാധിപരുടെ നിലപാട്, വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും രാജ്യദ്രോഹമാക്കുന്നവർക്കു പാഠമായിരുന്നെങ്കിൽ! നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടിനുമെതിരേ സിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളാണ് റദ്ദാക്കിയത്.
ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരമുപയോഗിച്ച് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. ജൂലൈ 20 മുതൽ 25 വരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വിദ്യാർഥികളുമായി ഒപ്പുവച്ച ധാരണകൾ സർക്കാരുകൾ യഥാസമയം നടപ്പാക്കിയിരുന്നെങ്കിൽ കോടതിക്ക് ഇടപെടേണ്ടിവരില്ലായിരുന്നു.
അതേസമയം, പ്രതിഷേധത്തിന്റെ മറവിൽ അക്രമങ്ങൾ നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത ഗുരുതര കുറ്റകൃത്യ പശ്ചാത്തലമുള്ള 2,873 വ്യക്തികൾക്കെതിരേ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സുപ്രീംകോടതി അനുവദിച്ചിട്ടുമുണ്ട്. സമരകാലത്തെ മനോനില കൈവെടിഞ്ഞ് ഡൽഹി പോലീസ് നീതിക്കുവേണ്ടി നിലകൊണ്ടാൽ പുതിയ എഫ്ഐആറുകളിലും കോടതിക്ക് ഇടപെടേണ്ടിവരില്ല.
പെൺകുട്ടികളെ വരെ ക്രൂരമായി ആക്രമിച്ച ഡൽഹി പോലീസിലെ ഉദ്യോഗസ്ഥരും സർക്കാർ അനകൂലികളുമൊന്നും രക്ഷപ്പെടരുത്. നീറ്റ് ക്രമക്കേടുകളെത്തുടർന്ന് ജീവനൊടുക്കേണ്ടിവന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതിനായി മൂന്നു മാസത്തിനുള്ളിൽ സമഗ്രനയം രൂപീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ മാസം അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധമാർച്ച് പിൻവലിക്കുന്നതായി സിജെപിയും വ്യക്തമാക്കിയതോടെ വിഷയം ജനാധിപത്യ ശൈലിയിൽ അവസാനിക്കണമെങ്കിൽ അവസാനിപ്പിക്കാം.
സർക്കാരും ബിജെപിയും അവയുടെ സമൂഹമാധ്യമ ഒളിപ്പോരുകാരും, വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും സമരക്കാരെയും നേരിടാൻ താഴെവയ്ക്കാതെ കൊണ്ടുനടക്കുന്ന രാജ്യദ്രോഹി, തീവ്രവാദി, മാവോയിസ്റ്റ്, അർബൻ നക്സൽ, ദിമാഗി (ബൗദ്ധിക) നക്സൽ... ചാപ്പകൾ ഉപേക്ഷിച്ച് ജനാധിപത്യത്തിനു കീഴടങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. ആദിവാസികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ചാപ്പ കുത്തിയും കള്ള എഫ്ഐആറിട്ടും വ്യാജതെളിവുകൾ കംപ്യൂട്ടറിൽ തിരുകിക്കയറ്റിയും ജയിലിൽ പീഡിപ്പിച്ചും ഇല്ലാതാക്കിയിട്ട് അഞ്ചു വർഷം. പക്ഷേ, പുതിയ തലമുറ നിസഹായരല്ല. അവർ ആ ചാപ്പകളെടുത്ത് തിരിച്ചു കുത്തിത്തുടങ്ങിയിരിക്കുന്നു. അതിനു പിന്നാലെ, കോടതി പ്രത്യേക അധികാരമുപയോഗിക്കുകയും ചെയ്തിരിക്കുന്നു. സന്ദേശം വ്യക്തമാണ്.
“അധികാരമുള്ളവരെ സംബന്ധിച്ചിടത്തോളം, കുറ്റകൃത്യങ്ങളെന്നത് മറ്റുള്ളവർ ചെയ്യുന്നതു മാത്രമാണ്.’’ നോം ചോംസ്കി. അഴിമതി, വർഗീയത, വിദ്വേഷപ്രസംഗങ്ങൾ, വോട്ടർപട്ടിക തിരുത്തൽ, ദളിത്-ആദിവാസി-ന്യൂനപക്ഷ വിരുദ്ധതകൾ... അധികാരമുള്ളതുകൊണ്ട് എത്രയോ കുറ്റകൃത്യങ്ങളാണ് ആവിയായി പോകുന്നത്! തങ്ങളെ വിമർശിച്ചാൽ രാജ്യത്തെ വിമർശിച്ചു എന്നു വ്യാഖ്യാനിക്കുന്ന അടവിനെതിരേയുള്ള സന്ദേശവും സുപ്രീംകോടതി വിധിയിലുണ്ട്. ജൂൺ 20ന് ജന്തർ മന്തറിൽ ആരംഭിച്ച വിദ്യാർഥിസമരത്തിന്റെ തുടക്കം മുതൽ രാജ്യവിരുദ്ധരെന്ന മുദ്രയടി സജീവമായിരുന്നു. ബിജെപിയോ കോൺഗ്രസോ ആം ആദ്മിയോ സിപിഎമ്മോ സിപിഐയോ ഒന്നും രാജ്യമല്ല. അവരെ വിമർശിച്ചാലോ ദ്രോഹിച്ചാലോ പോലും രാജ്യദ്രോഹവുമാകുകയുമില്ല.
വിദ്യാർഥിസമരക്കേസുകളിൽ സുപ്രീംകോടതി പ്രത്യേക അധികാരമാണ് ഉപയോഗിച്ചത്. ന്യൂനപക്ഷങ്ങൾ നിരന്തരം ആക്രമിക്കപ്പെട്ടപ്പോഴും മതപരിവർത്തനമാരോപിച്ച് വ്യാജ എഫ്ഐആറുകളിട്ടപ്പോഴും വിദ്വേഷപ്രസംഗങ്ങൾ വിഭജനരേഖകളായപ്പോഴും വോട്ടർപട്ടിക പാർട്ടിപ്പട്ടികയായെന്ന മട്ടിലുള്ള ആരോപണങ്ങളുയർന്നപ്പോഴുമൊക്കെയുള്ള അധികാരങ്ങൾപോലും കോടതികൾ ഉപയോഗിച്ചില്ലല്ലോയെന്നു സംശയിച്ച രാജ്യമാണിത്. നീതി കോടതിയിൽനിന്നെങ്കിലും കിട്ടിയേക്കാമെന്നതു പ്രതീക്ഷയാണ്. സർക്കാർ തിരുത്തണം; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടല്ല, പരിക്കേറ്റ ജനാധിപത്യത്തെ പിന്നിൽ കണ്ട്.
Tags : DEEPIKA EDITORIAL SupremeCourt CJP