Editorial Audio
പ്രതിപക്ഷം സർക്കാരിനെ കുറ്റപ്പെടുത്തുന്നു. സർക്കാർ കണക്കുകൾ നിരത്തി പ്രതിരോധിക്കുന്നു. മുൻമന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും വാക്പോരു നടത്തുന്നു. കെഎസ്ഇബിയും വൈദ്യുതി വകുപ്പും ഇരുട്ടിൽതപ്പുന്നു. ജനം നട്ടംതിരിയുന്നു. വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാനത്തിന്റെ അവസ്ഥയിതാണ്. മുൻ സർക്കാരിനും വൈദ്യുതി ബോർഡിനും മാത്രമല്ല നിലവിലെ സർക്കാരിനും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനാകില്ല.
ദേശീയതലത്തിലുണ്ടായ ഉത്പാദനക്കുറവും സംസ്ഥാനത്ത് കുതിച്ചുയരുന്ന ഉപയോഗവുമെല്ലാം കാലാവസ്ഥാവ്യതിയാനത്തിന്റെ പരിണതഫലമായി വിലയിരുത്താം. ഇലക്ട്രിക് വാഹനങ്ങളുടെയും എയർ കണ്ടീഷനറുകളുടെയും ഉപയോഗം പെരുകിയതും കാരണമാകാം. സ്വിച്ചിട്ടു പരിഹരിക്കാവുന്നതല്ല പ്രശ്നമെന്നു പറയുന്ന മന്ത്രി ഓർക്കണം; ഇതെല്ലാം മുൻകൂട്ടി പ്രവചിക്കപ്പെട്ടിരുന്നെന്നും കെഎസ്ഇബിയും സർക്കാരും ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചില്ലെന്നും സ്വിച്ചിടാതെതന്നെ തെളിയുന്ന വസ്തുതയാണെന്ന്. ജനങ്ങൾ സഹകരിക്കണമെന്ന മന്ത്രിയുടെ അഭ്യർഥനയും മുഖവിലയ്ക്കെടുക്കണം.
പുര കത്തുമ്പോൾ വാഴവെട്ടുന്നുതുപോലെയാണ് രാജ്യത്തെ വൈദ്യുതി ഉത്പാദകർ വൈദ്യുതിക്കു വില വർധിപ്പിക്കുന്നത്. യൂണിറ്റിന് പത്തു രൂപ കൊടുത്താലും കിട്ടാനില്ലെന്നാണ് മന്ത്രി പറയുന്നത്. ഇതാണ് ലാഭമുണ്ടാക്കാനുള്ള അവസരമെന്ന് അവർക്കറിയാം. തന്നെയുമല്ല വൈദ്യുതി ഉത്പാദനവും വിതരണവുമെല്ലാം സ്വകാര്യമേഖലയിലാകണമെന്നതാണ് കേന്ദ്രസർക്കാരിന്റെയടക്കം താത്പര്യം. കെഎസ്ഇബി പൊതുമേഖലയിൽ നിലനിർത്തുമെന്നാണ് കേരളസർക്കാർ ഉറപ്പു നൽകുന്നത്. എന്നാൽ വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയും സംസ്ഥാനത്തിനു ബാധ്യതയാകരുത്.
വൈദ്യുതി നിയന്ത്രണം അനിവാര്യമായതിന്റെ സാഹചര്യം കെഎസ്ഇബി വിവരിക്കുന്നത് ഇപ്രകാരമാണ്. കഴിഞ്ഞ വ്യാഴാഴ്ച ആകെ ഉപയോഗം-96.02 ദശലക്ഷം യൂണിറ്റ്. ഉത്പാദനം- 25.22 ദശലക്ഷം യൂണിറ്റ്. ഇറക്കുമതി 70.80 ദശലക്ഷം യൂണിറ്റ്. വൈകുന്നേരം 6.44ന് ഉയർന്ന ആവശ്യകത 5024 മെഗാവാട്ട്. പ്രധാനമായും ജലവൈദ്യുത പദ്ധതികളെയാണ് സംസ്ഥാനം ആശ്രയിക്കുന്നത്. മഴക്കുറവുമൂലം ഡാമുകളിലെ ജലനിരപ്പ് വ്യാഴാഴ്ച 63.04 ശതമാനമായിരുന്നു. കഴിഞ്ഞവർഷമിത് 79.79 ശതമാനവും.
സംസ്ഥാനത്തിന് ആവശ്യമായതിന്റെ 25 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത് എന്നതാണ് നാം നേരിടുന്ന അടിസ്ഥാനപരമായ വിഷയം. ഭക്ഷ്യവസ്തുക്കൾക്കടക്കം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥ വൈദ്യുതിയുടെ കാര്യത്തലും കേരളത്തെ വേട്ടയാടുന്നുണ്ട്. സംസ്ഥാനത്തു പല പദ്ധതികളും പൂർണമായോ ഭാഗികമായോ മുടങ്ങിക്കിടക്കുകയാണ്. ഭൂതത്താൻകെട്ട്, മണിയാർ, രണ്ടാം പെരിങ്ങൽക്കുത്ത് എന്നിവയെല്ലാം മുടങ്ങിയ സ്ഥിതിയിലാണ്. പുതിയ പദ്ധതികൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും തടസങ്ങളേറെയാണ്. സാങ്കേതിക കുരുക്കുകളാണ് പ്രശ്നമെന്നാണ് മന്ത്രി പറയുന്നത്.
ആണവനിലയങ്ങൾ പ്രായോഗികമല്ലാത്ത കേരളത്തിൽ സോളാർ വൈദ്യുതി ഉത്പാദനത്തിനാണ് പ്രാധാന്യം നൽകേണ്ടത്. സോളാർ വിത്ത് ബാറ്ററി എനർജി സ്റ്റോറേജ് (ബസ്) പ്രൊവിഷനാണ് പരിഹാരമെന്ന് വൈദ്യുതി വകുപ്പു കണ്ടെത്തിയിട്ടുമുണ്ട്. പകൽ സൗരോർജത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുന്ന ബാറ്ററി സംവിധാനം പ്രോത്സാഹിപ്പിക്കപ്പെടണം. അതിനു സർക്കാർ തലത്തിൽ കാസര്ഗോഡ് മൈലാട്ടിയിലും (500 മെഗാവാട്ട്) കണ്ണൂര് ജില്ലയിലെ ശ്രീകണ്ഠപുരത്തും (40 മെഗാവാട്ട്) കൊച്ചി ബ്രഹ്മപുരത്തും (500 മെഗാവാട്ട്) ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. കമ്യൂണിറ്റി സ്റ്റോറേജ് സംവിധാനത്തിൽ സൗരോർജ പദ്ധതികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും വേണം. കെഎസ്ഇബിയിൽനിന്ന് ഇതിന് ഊർജിത സഹകരണമുണ്ടാകണം.
മുൻ സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയും കെഎസ്ഇബിയുടെ പിടിപ്പുകേടുമാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ സർക്കാർ അധിക വൈദ്യുതി ആവശ്യമുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 530 മെഗാവാട്ട് വൈദ്യുതിയാണു കടം വാങ്ങിയത്. അതിപ്പോൾ സംസ്ഥാനം തിരിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. നമുക്ക് ആവശ്യമുള്ള വൈദ്യുതി കിട്ടാനില്ലാത്തപ്പോഴും കടം വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ടിവരുന്ന ബാധ്യത സംസ്ഥാനത്തിനുണ്ട്. അന്നു പണം കൊടുത്തു വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഇത്രയും രൂക്ഷമായ അവസ്ഥയുണ്ടാകില്ലായിരുന്നുവെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
കൂടാതെ 25 വര്ഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്നപ്പോഴുണ്ടാക്കിയ ദീർഘകാല കരാർ റദ്ദാക്കേണ്ടിവന്നു. 465 മെഗാവാട്ട് വൈദ്യുതിക്കായിരുന്നു കരാർ. ഇതിന്റെ ഉത്തരവാദിത്വം പിണറായി സർക്കാരിനാണെന്ന് മന്ത്രി പറയുന്നു. എന്നാൽ മുൻമന്ത്രി പറയുന്നത് റെഗുലേറ്ററി കമ്മീഷനാണ് കരാർ റദ്ദാക്കിയത് എന്നാണ്. എന്തുതന്നെയായാലും ഇപ്പോൾ സംസ്ഥാനം ഇരുട്ടിലാകാൻ ഈ കരാർ റദ്ദാക്കൽ കാരണമായെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.
അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണമാണ് ജനങ്ങൾക്ക് ഇരുട്ടടിയാകുന്നതും ജനരോഷം ഇരട്ടിയാക്കുന്നതും. കെഎസ്ഇബി അധികൃതർ ഇക്കാര്യത്തിൽ മുൻകൂട്ടി നടപടിയെടുക്കാഞ്ഞത് വീഴ്ചതന്നെയാണ്. പ്രതിഷേധം കടുത്തതോടെയാണ് അറിയിപ്പെങ്കിലും നൽകിത്തുടങ്ങിയത്. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ സർക്കാരും കെഎസ്ഇബിയും കൂടുതൽ ജാഗ്രത പുലർത്തണം. രാഷ്ട്രീയപ്പോരല്ല മുടങ്ങാത്ത വൈദ്യുതിയാണ് ജനങ്ങൾക്കു വേണ്ടത്. അടിയന്തര പരിഹാരത്തിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം പരമാവധി വർധിപ്പിക്കാനുള്ള പദ്ധതികളുമുണ്ടാകണം.
Tags : DEEPIKA EDITORIAL