പ്രതീകാത്മകചിത്രം
സ്ത്രീകളില്‍ ആര്‍ത്തവം/മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്കു വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു.
45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്. പ്രായത്തിന്റെതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു. ഇത് മൂലം ഈസ്ട്രജന്, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന
ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍
ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം , മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
ഓസ്റ്റിയോപൊറോസിസ്
(അസ്ഥി ബലക്ഷയം)
ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു.
ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്. റെസിസ്റ്റൻസ് എക്സർസൈസ് (Resistance exercise), വെയ്റ്റ് ബിയറിംഗ് എക്സർ സൈസ് (Weight bearing exercise) എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.
പെല്‍വിക് അവയവങ്ങളുടെ പ്രൊലാപ്സ് (Pelvic Organ Prolapse)
ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് കുറയുന്നതുമൂലം പെല്‍വിക് ഫ്ലോറിലെ പേശികൾക്കു ബലക്ഷയം സംഭവിക്കുന്നു. ഈ അവസ്ഥയിലാണ് പെൽവിക് ഓർഗൻ പ്രൊലാപ്സ് ( Pelvic Organ Prolapse) സംഭവിക്കുന്നത്.
പെല്‍വിക് ഫ്ലോറിലെ ആന്തരിക അവയവങ്ങളായ ഗര്‍ഭാശയം, മൂത്രാശയം, മലാശയം എന്നിവയില്‍ ഏതെങ്കിലും ഉള്ളില്‍ നിന്നും യോനി ഭാഗത്തേക്ക് വലിഞ്ഞുവരുന്ന അവസ്ഥയാണിത്.
യോനീഭാഗത്തെ സമ്മര്‍ദം, വേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം അറിയാതെ പോവുക തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിയില്‍ ലഭ്യമാണ്.
മാനസികാരോഗ്യവും ഉറക്കവും മെച്ചപ്പെടുത്തുന്നതിന്
വ്യായാമം ചെയ്യുന്നത് ശരീരത്തിലെ എൻഡോർഫിൻ (Endorphin), സെറോടോണിൻ(serotonin) പോലുള്ള രാസവസ്തുക്കളുടെ ഉല്പാദനം വര്‍ധിപ്പിക്കുന്നു. ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദം എന്നിവ കുറയ്ക്കുന്നതിനായി വ്യായാമം ശീലമാക്കുക.
വ്യായാമം ചെയ്യുന്നതിലൂടെ ആത്മവിശ്വാസം വര്‍ധിക്കുന്നു, ഉറക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടുന്നു, കൂടാതെ വൈജ്ഞാനിക പ്രവര്‍ത്തനവും (Cognitive function) മെച്ചപ്പെടുത്തുന്നു. ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുന്നു.
വ്യക്തിഗത വ്യായാമങ്ങൾ
ആര്‍ത്തവ വിരാമ ശേഷമുള്ള സ്ത്രീകളില്‍ ശാരീരിക ക്ഷമത, ജീവിത നിലവാരം, മെറ്റബോളിക് ആരോഗ്യം, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിനും അസ്ഥിനാശം തടയുന്നതിനും വ്യക്തിഗത വ്യായാമം സഹായകമാണ്. ആര്‍ത്തവവിരാമശേഷം സ്ത്രീകള്‍ക്കായുള്ള ഏറ്റവും ഫലപ്രദമായ ഔഷധ രഹിത ചികിത്സാ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യക്തിഗത വ്യായാമങ്ങള്‍.
ഇവ ദിവസവും കൃത്യമായി ചെയ്യുന്നതു ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായകരമാണ്. ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള വ്യായമത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കുക.
വിവരങ്ങൾ - ശ്രീദേവി, എച്ച്ഒഡി, ഫിസിയോതെറാപ്പി വിഭാഗം
എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Tags : menopause-related issues consult a physiotherapist to reduce menopause-related issues? HealthNews