ബാഗ്ദാദ്: പ്രമുഖ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഇറാക്കിലെ സുരക്ഷാഭീഷണി കണക്കിലെടുത്ത് അവിടേക്കു യാത്ര ചെയ്യരുതെന്ന് ട്രംപ് ഭരണകൂടം ഇവർക്കു നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തിരക്കേറിയ റോഡിൽ വച്ച് ആയുധധാരികളായ സംഘം ഷെല്ലിയുടെ കാർ തടഞ്ഞുനിർത്തുകയും ബലമായി പുറത്തിറക്കി മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ അൽ അറേബ്യ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരെ സുരക്ഷാസേന പിന്തുടരുന്നതിനിടെ കുറ്റവാളികളുടെ ഒരു വാഹനം മറിഞ്ഞു. ഈ വാഹനത്തിലുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
രണ്ടു കാറുകളിലായാണ് അക്രമിസംഘം എത്തിയത്. ഇതിൽ ഷെല്ലിയുമായി രണ്ടാമത്തെ കാർ ബാഗ്ദാദിന്റെ തെക്കൻ മേഖലയിലേക്ക് കടന്നുകളഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരേ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാക്കിലെ യുഎസ് കേന്ദ്രങ്ങൾക്കുനേരേ ഇറാൻ അനുകൂല സായുധ സംഘങ്ങൾ ആക്രമണം ശക്തമാക്കിയിരുന്നു. ഇതോടെ ഇറാക്കിലുള്ള അമേരിക്കൻ പൗരന്മാർ രാജ്യം വിടണമെന്ന് യുഎസ് എംബസി നേരത്തേ നിർദേശിച്ചിരുന്നു.
Tags : American journalist kidnapped Iraq