ടെഹ്റാൻ: ഇറാനിലെ ഭരണകൂടവും സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും തമ്മിലുള്ള ആഭ്യന്തര തർക്കം ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങൾക്ക് തിരിച്ചടിയാകുന്നു. ചരക്ക് നീക്കത്തിനുള്ള സുരക്ഷിത പാതയെക്കുറിച്ച് ഇന്ത്യയുമായി നടന്നുവന്ന നിർണായക ചർച്ചകൾ ഐആർജിസി തടസ്സപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇറാന്റെ വിദേശകാര്യ മന്ത്രാലയവും ഐആർജിസിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം. നയതന്ത്ര തലത്തിൽ ഇന്ത്യയുമായി ഉണ്ടാക്കിയ ധാരണകൾ നടപ്പിലാക്കാൻ ഐആർജിസി തയ്യാറാകാത്തത് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നു.
ചബഹാർ തുറമുഖം വഴിയുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിനും മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇന്ത്യ മുൻഗണന നൽകുന്നത്. എന്നാൽ ഐആർജിസിയുടെ കടുത്ത നിലപാടുകൾ ഈ നീക്കങ്ങൾക്ക് തടസമാകുന്നു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ, ഇന്ത്യൻ കപ്പലുകൾക്കും ചരക്ക് നീക്കത്തിനും ഇറാൻ നൽകേണ്ട സുരക്ഷാ ഉറപ്പുകളിൽ വ്യക്തതയില്ലാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. റഷ്യയുമായും മധ്യേഷ്യൻ രാജ്യങ്ങളുമായുമുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തിൽ ഇറാന്റെ സഹകരണം അത്യാവശ്യമാണ്. ആഭ്യന്തര തർക്കങ്ങൾ മൂലം തീരുമാനങ്ങൾ വൈകുന്നത് ഇന്ത്യയുടെ സാമ്പത്തിക-പ്രതിരോധ താത്പര്യങ്ങളെ ബാധിച്ചേക്കാം.