വെല്ലിംഗ്ടൺ: സ്വന്തം പാർട്ടിയിൽനിന്നുള്ള അവിശ്വാസം അതിജീവിച്ച് ന്യുൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. പ്രധാനമന്ത്രിയുടെ ജനപ്രീതി കുറഞ്ഞുവരുന്നതായുള്ള സർവേകൾക്കിടയിലായിരുന്നു വോട്ടെടുപ്പ്.
ലക്സണിന്റെ സെന്റർ-റൈറ്റ് നാഷണൽ പാർട്ടി നിയമസഭാംഗങ്ങൾക്കിടയിലാണ് വോട്ടെടുപ്പ് നടന്നത്. വിശ്വാസപ്രമേയം വിജയിച്ചതായി യോഗത്തിനു ശേഷം ലക്സൺ പറഞ്ഞു. പാർട്ടിയിൽനിന്നുള്ള പിന്തുണ ഉറപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടപ്രകാരമായിരുന്നു വോട്ടെടുപ്പ്.
“എന്റെ നേതൃത്വത്തെക്കുറിച്ച് മാധ്യമങ്ങൾ സംശയം ഉന്നയിച്ചിരുന്നു. ഈ ഊഹാപോഹങ്ങൾക്കു വിരാമമിടാൻ വിശ്വാസവോട്ടെടുപ്പിന് ആഹ്വാനം ചെയ്തു. പാർട്ടി എന്റെ നേതൃത്വത്തെ പിന്തുണച്ചു”- ലക്സൺ പറഞ്ഞു.എന്നാൽ വിശ്വാസപ്രമേയം ഏകകണ്ഠമായിരുന്നോയെന്ന് അദ്ദേഹം പറഞ്ഞില്ല. നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ലക്സണിന്റെ ജനപ്രീതി കുറയുന്നതായാണു റിപ്പോർട്ടുകൾ.
സമ്പദ്വ്യവസ്ഥ ദുർബലമാകുന്നതും വർധിച്ചുവരുന്ന തൊഴിലില്ലായ്മയുമാണ് ലക്സണിന്റെ ജനപ്രീതി ഇടിയുവാൻ കാരണമായത്.
Tags : Luxon wins trust