വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമെന്ന വിശേഷണമുള്ള മൊണാക്കോയില്‍ ലെയോ മാർപാപ്പ സന്ദർശനം നടത്തി. ഇന്ന് രാവിലെ ഹെലികോപ്റ്ററിൽ യാത്രതിരിച്ച മാർപാപ്പ പ്രാദേശികസമയം രാവിലെ ഒന്പതിനാണ് 500 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയിലെത്തിയത്.
ആൽബർട്ട് രണ്ടാമൻ രാജകുമാരനും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു. പ്രിൻസസ് പാലസിന്‍റെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യവെ, സമ്പന്നരുടെ പറുദീസ എന്നറിയപ്പെടുന്ന മൊണാക്കോയിലെ ജനങ്ങളോട് തങ്ങളുടെ സമ്പത്തും സ്വാധീനവും ലോകനന്മയ്ക്കായി ഉപയോഗിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.
ആയുധങ്ങളേക്കാൾ കൂടുതൽ ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുദ്ധവും സംഘർഷങ്ങളും ലോകത്തെ തകർക്കുന്ന ഈ കാലഘട്ടത്തിൽ സമാധാനത്തിന്‍റെ പാത പിന്തുടരണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഗർഭച്ഛിദ്രം പോലുള്ള വിഷയങ്ങളിലെ സഭയുടെ നിലപാടുകളെക്കുറിച്ചും മാർപാപ്പ തന്‍റെ പ്രസംഗത്തിൽ പരാമർശിച്ചു. ആധുനികകാലത്തെ വെല്ലുവിളികൾക്കിടയിലും വിശ്വാസം മുറുകെ പിടിക്കാൻ അദ്ദേഹം യുവാക്കളെ ഉപദേശിച്ചു.
തുടർന്ന് മൊണാക്കോയിലെ കത്തീഡ്രൽ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സന്ദർശിച്ച മാർപാപ്പ അവിടെ പ്രാർഥനകൾക്കു നേതൃത്വം നൽകി. പിന്നീട് ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. ആൽബർട്ട് രാജകുമാരനുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ ആഗോള സമാധാന ചർച്ചകളും വിഷയമായി. ഒന്പത് മണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം വൈകുന്നേരത്തോടെ മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി.
കത്തോലിക്കാവിശ്വാസം ഔദ്യോഗിക മതമായി നിലനിൽക്കുന്ന ചുരുക്കം യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണു മൊണാക്കോ. ഈ വർഷത്തെ ആദ്യത്തെ അപ്പസ്തോലിക യാത്ര, ലോകത്തെ രണ്ടാമത്തെ ചെറു രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം, വിശുദ്ധ വാരത്തിന് മുന്നോടിയായുള്ള അപ്പസ്തോലിക സന്ദര്‍ശനം എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഒരു ദിവസം മാത്രം നീണ്ടുനിന്ന ഈ യാത്രയ്ക്കുണ്ട്.
"വഴിയും സത്യവും ജീവനും ഞാനാണ്" എന്ന തിരുവചനഭാഗമാണ് ഈ അപ്പസ്തോലികയാത്രയിൽ ആപ്തപവാക്യമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1982ൽ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പയാണ് ഇതിനുമുന്പ് മൊണാക്കോ സന്ദര്‍ശിച്ചിട്ടുള്ളത്. മൊണാക്കോയിലെ ആകെ ജനസംഖ്യ 40,000ത്തിൽ താഴെയാണ്. ഇതില്‍ 80 ശതമാനവും കത്തോലിക്കാ വിശ്വാസികളാണ്.
ഏപ്രിൽ 13 മുതൽ 23 വരെ പത്തു ദിവസം ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അങ്കോള, ഇക്വാറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ ജൂൺ ആറു മുതൽ 12 വരെ സ്പെയിനും സന്ദർശിക്കും.