വത്തിക്കാൻ സിറ്റി: വേർപാടിന്റെ ഒന്നാം വാർഷികദിനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ദീപ്തമായ സ്മരണകൾക്കുമുന്നിൽ ലോകം ആദരാഞ്ജലിയർപ്പിച്ചു. ഫ്രാൻസ് മാർപാപ്പ താമസിച്ചിരുന്ന വത്തിക്കാനിലെ കാസാ സാന്താ മാർത്ത വസതിയിലെ ചാപ്പലിൽ ഇന്നലെ രാവിലെ നടന്ന അനുസ്മരണ വിശുദ്ധ കുർബാനയ്ക്ക് ആർച്ച്ബിഷപ് ലൂയിജി ത്രാവാഗ്ലിനൊ മുഖ്യകാർമികത്വം വഹിച്ചു. കർദിനാൾ ആഞ്ചലോ എസെർബി സന്ദേശം നൽകി.
ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സ്ഥിതിചെയ്യുന്ന റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലെ പൗളിൻ ചാപ്പലിൽ വൈകുന്നേരം ജപമാലയും പള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്ന് കബറിടത്തിൽ പ്രാർഥനയുമുണ്ടായിരുന്നു. കർദിനാൾസംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാന്നി ബത്തിസ്റ്റ റെ മുഖ്യകാർമികത്വം വഹിച്ചു. ആഫ്രിക്കൻ പര്യടനം നടത്തുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം വിശുദ്ധകുർബാനമധ്യേ വായിച്ചു.
അനേകം ഹൃദയങ്ങളെ സ്പർശിച്ച ഇടയനായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്നു അനുസ്മരിച്ച ലെയോ മാർപാപ്പ, അദ്ദേഹത്തിന്റെ വേർപാടിന്റെ വാർഷികദിനത്തിൽ റോമിൽനിന്നു വിട്ടുനിൽക്കേണ്ടിവന്നതിൽ അതിയായ ഖേദമുണ്ടെന്നും പറഞ്ഞു. തുടർന്ന് ചാപ്പലിന്റെ വലതുവശത്ത്, ഫ്രാൻസിസ് മാർപാപ്പയും റോമൻ ജനതയുടെ സംരക്ഷകയായ മറിയത്തിന്റെ അദ്ഭുത തിരുസ്വരൂപവും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ ബഹുമാനാർഥം സ്മാരകഫലകം അനാച്ഛാദനം ചെയ്തു.
ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചു വത്തിക്കാൻ തയാറാക്കിയ ഡോക്യുമെന്ററി ഇന്നലെ രാത്രിയിൽ പ്രദർശിപ്പിച്ചു. റോം നഗരത്തിൽ സെമിനാർ, ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ടുള്ള പ്രത്യേക സംഗീതപരിപാടി എന്നിവയുമുണ്ടായിരുന്നു.
തന്റെ ജീവിതം, സാക്ഷ്യം, വാക്കുകൾ, പ്രവൃത്തികൾ എന്നിവയിലൂടെ വലിയ മാതൃക കാണിച്ചാണ് ഫ്രാൻസിസ് മാർപാപ്പ കടന്നുപോയതെന്ന് ലുവാണ്ടയിൽനിന്ന് ഇക്വറ്റോറിയൽ ഗിനിയയിലേക്കുള്ള യാത്രാമധ്യേ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ ലെയോ പതിനാലാമൻ മാർപാപ്പ അനുസ്മരിച്ചു. സാർവത്രിക സാഹോദര്യത്തിനായുള്ള അദ്ദേഹത്തിന്റെ നിരന്തരമായ പ്രബോധനങ്ങൾ ശ്രദ്ധേയമാണ്. എല്ലാവരെയും അദ്ദേഹം ചേർത്തുനിർത്തി. എല്ലാവരോടുമുള്ള ബഹുമാനം വളർത്തുന്നതിനും സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനും സുവിശേഷത്തിൽ നാം കാണുന്ന സന്ദേശം എങ്ങനെ ജീവിക്കാമെന്നും അദ്ദേഹം കാണിച്ചുതന്നു-ലെയോ മാർപാപ്പ പറഞ്ഞു.
Tags : world remembers Pope Francis