ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം
വാഷിംഗ്ടൺ: ഇറാനുമായി നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ പൂർണമായും അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുകയും വാണിജ്യ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുകയും ചെയ്ത ഇറാന്റെ നടപടിക്ക് പിന്നാലെയാണ് അമേരിക്ക കടുത്ത സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.
ഖത്തറിന്റെ മധ്യസ്ഥതയിൽ നിലനിന്നിരുന്ന താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ഇറാനുമായുള്ള ചർച്ചകൾക്ക് താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമസേന തുടർച്ചയായ ആക്രമണങ്ങൾ നടത്തിവരികയാണ്. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാനും പ്രത്യാക്രമണം നടത്തി.
അനുമതിയില്ലാതെ സഞ്ചരിക്കുന്നുവെന്ന് ആരോപിച്ച് ഇറാൻ ചരക്കുകപ്പലുകൾ ആക്രമിച്ചതോടെ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. നൂറുകണക്കിന് നാവികർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ നേതൃത്വത്തിൽ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇറാൻ പരമോന്നത സുരക്ഷാ കൗൺസിൽ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
അമേരിക്കയുടെ ഭാഗത്തുനിന്ന് തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായാൽ കരാർ ബാധകമല്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നുമാണ് ഇറാന്റെ നിലപാട്. ആഴ്ചകളായി തുടരുന്ന ഈ സംഘർഷം പശ്ചിമേഷ്യയെ വീണ്ടും വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash