തിരുവനന്തപുരം: യുഡിഎഫ് തരംഗം ആഞ്ഞുവീശിയ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടിന്റെ അമ്പത് ശതമാനത്തിലേറെ നേടി മിന്നുന്ന വിജയം സ്വന്തമാക്കിയത് 54 പേർ.
മഞ്ചേശ്വരം മുതൽ കോവളം വരെ നീളുന്ന ഈ പട്ടികയിൽ 51 പേർ യുഡിഎഫ് പ്രതിനിധികളും മൂന്നു പേർ എൽഡിഎഫ് പ്രതിനിധികളുമാണ്. ഇതിൽ 11 പേർ തങ്ങളുടെ മണ്ഡലത്തിലെ വോട്ടർമാരിൽ 60 ശതമാനത്തിലേറെ പേരുടെ പിന്തുണയും സ്വന്തമാക്കി.
സംസ്ഥാനത്തെ ഏറ്റവും കൂടിയ വോട്ടു വിഹിതത്തിന്റെ റിക്കാർഡ് ഇക്കുറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേരിലാണ്. മലപ്പുറം നിയോജക മണ്ഡലത്തിലെ 68 ശതമാനം വോട്ടർമാരും പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചു. കുഞ്ഞാലിക്കുട്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ടർമാരുടെ പിന്തുണ നേടിയത് യുഡിഎഫിന്റെ യുവ നേതാവ് ചാണ്ടി ഉമ്മനാണ്.
പുതുപ്പള്ളി മണ്ഡലത്തിലെ 66 ശതമാനം വോട്ടർമാരുടെയും പിന്തുണ ചാണ്ടി ഉമ്മൻ സ്വന്തമാക്കി. വണ്ടൂരിൽ എ.പി. അനിൽകുമാറും മഞ്ചേരിയിൽ എം. റഹ്മത്തുള്ളയും മങ്കടയിൽ മഞ്ഞളാംകുഴി അലിയും തിരൂരങ്ങാടിയിൽ പി.എം.എ. സമീറും കോട്ടയ്ക്കലിൽ കെ. ആബിദ്ഹുസൈൻ തങ്ങളും അങ്കമാലിയിൽ റോജി എം. ജോണും മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് അറുപത് ശതമാനവും അതിനു മുകളിലുമുള്ള വോട്ടു വിഹിതം സ്വന്തമാക്കിയ മറ്റുള്ളവർ.
മുഖ്യമന്ത്രി പിണറായി വിജയൻ, കല്യാശേരി അംഗം എം. വിജിൻ, പുനലൂരിൽ നിന്നു വിജയിച്ച സിപിഐ പ്രതിനിധി സി. അജയപ്രസാദ് എന്നിവർ മാത്രമാണ് 50 ശതമാനത്തിലേറെ വോട്ടു വിഹിതം നേടിയ എൽഡിഎഫ് പ്രതിനിധികൾ. പിണറായി വിജയൻ ധർമടത്തെ വോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ നേടിയപ്പോൾ എം. വിജിൻ 50.93 ശതമാനം പേരുടെയും അജയപ്രസാദ് 50.47 പേരുടെയും പിന്തുണ നേടി.
50 ശതമാനത്തിലേറെ വോട്ടുകൾ നേടിയ യുഡിഎഫ് അംഗങ്ങളിൽ 16 പേർ ലീഗ് പ്രതിനിധികളാണ്.
അതേസമയം വിജയിച്ചവരിൽ വോട്ടുവിഹിതം ഏറ്റവും കുറവുള്ളത് കഴക്കൂട്ടത്തെ ബിജെപി പ്രതിനിധി വി. മുരളീധരനാണ്. മണ്ഡലത്തിൽ പോൾ ചെയ്ത ആകെ വോട്ടുകളുടെ 35.38 ശതമാനം മാത്രമാണ് മുരളീധരനു നേടാനായത്.
കോഴിക്കോട് നോർത്തിൽ മത്സരിച്ചു വിജയിച്ച യുഡിഎഫിലെ കെ. ജയന്ത് ആണ് വോട്ടു വിഹിതം കുറവുള്ള മറ്റൊരാൾ. 35.78 ശതമാനം വോട്ടുകളാണ് ജയന്ത് നേടിയത്.
Tags : votes 50+ percent 54 people Kerala Assembly Election