ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ(16)യുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു. പുതിയ മോഡൽ ആയതിനാൽ ഫോൺ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, കുട്ടിയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളും ഇഷ്ടമായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിലും കൊറിയൻ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല.
മകളുടെ ആത്മഹത്യക്ക് പിന്നിൽ കൊറിയൻ ബന്ധമില്ലെന്നാണ് പെൺകുട്ടിയുടെ അച്ഛൻ മഹേഷും പറയുന്നത്. അച്ഛന്‍റെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മകളുടെ കൊറിയൻ ഭാഷയോടും സംഗീതത്തോടുമുള്ള ഇഷ്ടം മനസിലാക്കിയ ആരോ അവളെ കബളിപ്പിച്ചതാകാമെന്നാണ് അദ്ദേഹം പറഞ്ഞത്.
Tags : Aditya death Korea Police