തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. ജമാഅത്തെയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്ന് ബാലൻ പറഞ്ഞു. എന്നാൽ മാപ്പ് പറയാൻ മനസില്ലെന്നും ബാലൻ വ്യക്തമാക്കി. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.
ജയിലിൽ പോകണം എന്നാണ് വിധിയെങ്കിൽ ജയിലിൽ പോകുമെന്നും തന്നെ ന്യൂനപക്ഷവിരുദ്ധനാക്കാൻ ശ്രമിച്ചുവെന്നും ബാലൻ പറഞ്ഞു. മതനിരപേക്ഷതയിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും നോട്ടീസിലെ കാര്യങ്ങൾ എല്ലാം വസ്തുതാ വിരുദ്ധമാണെന്നും ബാലൻ വ്യക്തമാക്കി.
"60 വര്‍ഷമായി പൊതുപ്രവർത്തകനാണ്. പൊതുജീവിതത്തിൽ മതന്യൂനപക്ഷങ്ങളെ എതിർത്തിട്ടില്ല. മതേതരത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ജമാഅത്ത് അവരുടെ നയം വ്യക്തമാക്കിയ ശേഷമായിരുന്നു നോട്ടീസ് അയക്കേണ്ടിയിരുന്നത്. മത രാഷ്ട്രവാദം ഉയർത്തുന്ന ജമാഅത്ത് അവരുടെ നയം വ്യക്തമാക്കണം.'-ബാലൻ പറഞ്ഞു.
മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി നിലപാട് എടുത്തുവെന്നും ബാലൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും ഉയർത്തി പിടിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.
Tags : ak balan cpm leader jamaat e islami legal notice