കണ്ണൂർ: കൂത്തുപറമ്പ് നിർമലഗിരി കോളജ് കെമിസ്ട്രി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ഡോ. നൈജിൽ തോമസ്, ഫാ. ഡോ. ജോസ് തെക്കൻ അഖിലേന്ത്യ മികച്ച അധ്യാപക പുരസ്കാരത്തിന് അർഹനായി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ജോസ് തെക്കന്റെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, പ്രശസ്ത കവി പ്രഫ. കെ. സച്ചിദാനന്ദൻ, ഡോ. എം. ഉസ്മാൻ, ഫാ. ഫ്രാൻസിസ് കുരിശേരി സിഎംഐ എന്നിവരടങ്ങുന്ന ഉന്നതതല ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അധ്യാപനം, ഗവേഷണം, വിദ്യാർഥികളുടെ സമഗ്ര വികസനം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. നാനോ ടെക്നോളജി, മെറ്റീരിയൽസ് കെമിസ്ട്രി, ഇലക്ട്രോകെമിക്കൽ എനർജി സിസ്റ്റംസ് എന്നിവയിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഗവേഷണങ്ങളാണ് ഡോ. നൈജിൽ തോമസ് നടത്തുന്നത്.
66 അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളും നാല് പുസ്തക അധ്യായങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3160ലേറെ സൈറ്റേഷനുകളും 26 എച്ച്-ഇൻഡക്സും (h-index) ഇദ്ദേഹത്തിന്റെ അക്കാദമിക് മികവിന് തെളിവാണ്.മാർച്ച് പത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നടത്തുന്ന ചടങ്ങൽ അവാർഡ് സമമ്മാനിക്കും.
Tags : Nigel Thomas Teacher's Award Head of chemistry dept. Nirmalagiri College Koothuparamba