കോഴിക്കോട്: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ മന്ത്രിയെ വിമർശിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
മൈലപ്ര ബഥനി സ്കൂളിലെ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയ പാടവത്തോടെയാണ് വർഷങ്ങൾക്ക് ശേഷവും വീണാ ജോർജ് കണ്ണൂരിൽ അഭിനയിച്ചു തകർത്തതെന്ന് അദ്ദേഹം വിമർശിച്ചു.
വ്യാജ വാർത്തകൾ കൊണ്ട് കെഎസ്യു പ്രവർത്തകരെ കൊത്തിവലിക്കാൻ അനുവദിക്കില്ലെന്നും റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു പ്രവർത്തകർ കരിങ്കൊടിയുമായി ചെന്നു എന്നത് യാഥാർഥ്യമാണ്. നാലോ അഞ്ചോ പ്രതിഷേധക്കാരെത്തിയപ്പോൾ മന്ത്രിക്ക് സംരംക്ഷണം ഒരുക്കിയത് 25 ഓളം പോലീസുകാരാണ്. മന്ത്രിക്കരികിൽ പ്രതിഷേധക്കാരെത്താതിരിക്കാൻ പോലീസുകാർ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സമരക്കാർക്കെതിരെ ആക്രോശിച്ചെത്തിയത് മന്ത്രി വീണാ ജോർജാണ്. കെഎസ്യു പ്രവർത്തകരെ മന്ത്രി അസഭ്യം പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ വച്ച് പരിക്കേറ്റതായി രണ്ട് ദിവസം മുമ്പ് നടന്ന ദേശാഭിമാനിയുടെ പരിപാടിയിൽ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഇന്ന് മട്ടന്നൂരിൽ നടന്ന പരിപാടിയിലും മന്ത്രിയുടെ കൈയിൽ ആ പരിക്കുണ്ട്. കെഎസ്യു പ്രവർത്തകർ കൈയേറ്റം ചെയ്തിട്ടല്ല മന്ത്രിക്ക് പരിക്കേറ്റത്. കെഎസ്യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
Tags : aloysius xavier veena george KSU