ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ പൊലിഞ്ഞത് 15 ജീവനുകൾ. അധികൃതരുടെ അനാസ്ഥയുടെ ഏറ്റവുമൊടുവിലെ ഇരയാകുകയാണ് അനീഷ്.
ഇന്നു പുലർച്ചെ നാലോടെയാണ് ബ്ലോക്ക് 10 ലെ താമസക്കാരനായ അനീഷിനെ (44) കാട്ടാന തുന്പിക്കൈയിൽ ചുറ്റിയെടുത്ത് അടിച്ചു കൊലപ്പെടുത്തിയത്. പ്രാഥമിക ആവശ്യം നിർവഹിക്കുന്നതിന് അനീഷും ഭാര്യ അമ്പിളിയും വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമണം.
മുറ്റത്തിന് സമീപത്തുള്ള പ്ലാവിൽ നിന്നും ചക്ക പറിച്ചു തിന്നുകയായിരുന്ന കാട്ടാന അതിവേഗം രണ്ടാൾക്കും നേരേ തിരിയുകയായിരുന്നു. ഉറക്കച്ചടവിലായിരുന്ന ഇരുവരും എന്തുചെയ്യണമെന്നറിയാതെ ഭയന്നുപോയി. ആനയെ കണ്ട് അമ്പിളി ആദ്യം വീടിനുള്ളിലേക്ക് കയറിയെങ്കിലും ഓടുന്നതിനിടയിൽ കാല് തെന്നി അനീഷിന് വേഗത്തിൽ ഓടി മാറാൻ കഴിഞ്ഞില്ല.
വീടിന്റെ പിൻവശത്തേക്ക് ഓടിയെ അനീഷിനെ പിന്തുടർന്നെത്തിയ ആന പിടികൂടുകയായിരുന്നു. അനീഷിനെ തുന്പിക്കൈയിൽ ചുറ്റിയെടുത്ത് മുൻവശത്ത് എത്തിച്ച് കല്ലിൽ അടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പ്രദേശവാസികൾ ചേർന്ന് അനീഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഴയാനയാണ് ആക്രമിച്ചത്.
അനീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. വെളിമാനം സ്കൂളിലെ വിദ്യാർഥികളായ അനീഷ, ആദികൃഷ്ണൻ എന്നിവർ മക്കളാണ്.
Tags : Aralam Farm Wild Elephant Attack