തിരുവനന്തപുരം: സ്വാതന്ത്ര്യസമരകാലത്തു ബ്രിട്ടീഷുകാരെ പിന്തുണച്ചു കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി.സി. ജോഷി ബ്രിട്ടീഷ് ആഭ്യന്തരവകുപ്പു മേധാവി ആയിരുന്ന റെജിനാൾഡ് മാക്മില്യനു കത്തെഴുതിയെന്ന കോണ്‍ഗ്രസിലെ ആര്യാടൻ ഷൗക്കത്തിന്റെ പരാമർശം നിയമസഭയിൽ ബഹളത്തിനു കാരണമായി.
ആര്യാടന്റെ പരാമർശത്തെ അസഭ്യമെന്നു വിശേഷിപ്പിച്ച സിപിഎമ്മിലെ കെ.വി. സുമേഷ് ഇതു രേഖയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു. കത്തിന്റെ കോപ്പി ആര്യാടൻ സഭയിൽ ഉയർത്തിക്കാട്ടിയെങ്കിലും, “ശങ്കരാടിയുടെ രേഖ പോലെ എന്തോ ഒന്ന്” എന്നാണ് സുമേഷ് രേഖയെ വിശേഷിപ്പിച്ചത്.
രേഖ ഉദ്ധരിച്ചതിൽ തെറ്റായി ഒന്നുമില്ലെന്നു ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. വീണ്ടും പ്രതിപക്ഷം ബഹളം കൂട്ടിയെങ്കിലും അടുത്തയാളെ പ്രസംഗിക്കാൻ ക്ഷണിച്ചതോടെ ബഹളം ശമിച്ചു. ഇതിനിടെ ആര്യാടനു പിന്തുണയുമായി മന്ത്രി ടി. സിദ്ദിഖും രംഗത്തെത്തി.
കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന പി.സി. ജോഷി 1943 മാർച്ച് 15 ന് റെജിനാൾഡ് മാക്മില്യനെഴുതിയ കത്തിലെ ഉള്ളടക്കവും നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കവേ ആര്യാടൻ ഷൗക്കത്ത് വിശദീകരിച്ചു.
സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും കോണ്‍ഗ്രസുകാരുടെ ഒളിത്താവളങ്ങൾ ബ്രിട്ടീഷുകാർക്കു കാണിച്ചു കൊടുക്കുകയും ചെയ്ത ചരിത്രമാണു കമ്യൂണിസ്റ്റുകാർക്കുള്ളത്. ബിജെപിയുടെ വളർച്ചയിലും സിപിഎമ്മിനു പങ്കുണ്ടെന്ന് ആര്യാടൻ കുറ്റപ്പെടുത്തി.
Tags : Aryadan Shoukat Communist Party Secretary Britain