കണ്ണൂർ: കാലികളെ കിട്ടാനില്ലാ ബീഫ് വ്യാപാരം പ്രതിസന്ധിയിൽ. തെരഞ്ഞെടുപ്പ് കാലമായതോടെ വലിയ തോതില്‍ പണം കൊണ്ടുപോകാന്‍ പറ്റാത്തതിനാൽ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലികളെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഗൂഗിള്‍ പേ പോലുള്ള ഡിജിറ്റല്‍ ട്രാന്‍സ്ഫറുകള്‍ മറ്റ് സംസ്ഥാനങ്ങളിലെ കാലിച്ചന്തകളില്‍ പ്രായോഗികമല്ല. നാട്ടില്‍ നിന്ന് കാലികളെ കിട്ടാനേയില്ല.
ബീഫ് നിരോധനമുള്ള സ്‌ഥലങ്ങളിലെ കയറ്റുമതിക്കായുള്ള അറവുശാലകളില്‍ നിന്ന് കര്‍ഷകര്‍ നേരിട്ട് കാലികളെ വില്‍ക്കുന്നതും ബീഫ് ലഭ്യതക്കുറവിന് കാരണമായി. കഴിഞ്ഞ മാസങ്ങളിൽ 380 രൂപാ നിരക്കിൽ ബീഫ് വിറ്റ സ്റ്റാളുകളിൽ 450 രൂപായടുത്താണ് ഇപ്പോൾ വില.
വേനൽ കടുത്തതോടെ കേരളത്തിൽ ചിക്കൻ വിലയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, കിലോയ്ക്ക് 160-300 രൂപ വരെയാണ് നിലവിലെ നിരക്ക്. തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിവരവ് കുറഞ്ഞതും കടുത്ത ചൂടിൽ കോഴികൾ ചത്തൊടുങ്ങുന്നതും ഉൽപ്പാദനം കുറയാൻ കാരണമായി.
ഈ വിലക്കയറ്റം ഹോട്ടൽ ഭക്ഷണ വിലയെയും സാരമായി ബാധിച്ചിട്ടുണ്ട്. പക്ഷിപ്പനിയെത്തുടർന്ന് കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതിനാൽ ഫാമുടമകൾ ഉൽപാദനം കുറച്ചതുമൂലമുണ്ടായ കോഴിക്ഷാമവും വിലക്കയറ്റത്തിനു കാരണമായി. വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ചില്ലറകച്ചവടക്കാർ പറയുന്നു.
കടൽ വെള്ളത്തിനു ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ തീരമേഖല വറുതിയുടെ പിടിയിലായിട്ട് ആഴ്ചകളായി, ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടുന്നില്ല. താരതമ്യേന കടലിൽ മത്സ്യം കുറഞ്ഞതിനു പുറമേ വെള്ളത്തിന് ചൂട് കൂടിയതിനാൽ മീനുകൾ ഗതിമാറി പോകുന്നതാണ് മത്സ്യമേഖലയെ ബാധിച്ചത്.
സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മീൻ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്. ഇത്തവണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പോലും വേണ്ടത്ര മത്സ്യലഭ്യത ഉണ്ടായില്ല. പാചക വാതക പ്രതിസന്ധിയും ഇന്ധന വില വർധനവും മൂലം മത്സ്യബന്ധന ചെലവ് വർധിച്ചത് തൊഴിലാളികളെ പിറകോട്ടു വലിക്കുകയാണ്.
മത്സ്യവരവ് കുറഞ്ഞത് ഹാർബറുകളിലെ തൊഴിലാളികൾ, ഐസ് വ്യാപാരികൾ, അനുബന്ധ കച്ചവടക്കാർ എന്നിവർക്കും തിരിച്ചടിയായി. ഹാർബറുകൾ നിശ്ചലമാകുന്നത് ഓട്ടോ തൊഴിലാളികൾ, തട്ടുകടക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവരെയും ബാധിച്ചിട്ടുണ്ട്.
Tags : sea water fish chicken beef Easter prices