പത്തനംതിട്ട: ബിജെപി - സിപിഎം ഡീൽ എന്ന പേരിൽ ഉന്നതരായ കോൺഗ്രസ് നേതാക്കൾ കേരളത്തിലെത്തി സിപിഎമ്മിനെതിരേ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പത്തനംതിട്ട പ്രസ്ക്ലബിന്‍റെ ജനമനസ് സംവാദം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇത്തരം ആരോപണം ഉന്നയിച്ചത് ബിജെപിക്കെതിരേ രൂപപ്പെട്ടിട്ടുള്ള ഇന്ത്യ സഖ്യത്തിന്‍റെ പൊതുകാഴ്ചപ്പാടിനെതിരാണ്. രാജ്യത്തു ബിജെപിയെ നേരിടാൻ വേണ്ടി രൂപീകരിച്ച ഇന്ത്യ സഖ്യത്തിലെ കക്ഷികൾ പരസ്പരം മത്സരിക്കേണ്ട സാഹചര്യമുണ്ടായാൽ അതു ബിജെപിക്കു ഗുണകരമാകുന്ന സാഹചര്യത്തിലാകരുതെന്നത് പൊതുധാരണയാണ്. ഇതിനു വിരുദ്ധമായാണ ഖാർഗെയും രാഹുലും പറയുന്നത്.
ഇന്ത്യ ബ്ലോക്ക് ശക്തിപ്പെടണമെന്നതാണ് സിപിഎം താത്പര്യം. നനഞ്ഞ പടക്കമാണ് രാഹുൽ ഗാന്ധി വീണ്ടും പൊട്ടിക്കുന്നതെന്നും ബേബി പറഞ്ഞു. ഇന്ത്യ സഖ്യത്തിൽ പെട്ട ഒരു മുഖ്യമന്ത്രിയെയാണ് വ്യാജ ആരോപണത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത്.
സിപിഎം - ബിജെപി ഡീൽ എന്നത് വ്യാജ ആരോപണമാണ്. ത്രിപുര, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിയ്ക്കു വളരാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസാണെന്നു കാണാം. ഡൽഹിയിൽ ആപ്പിനു ഭരണം നഷ്ടമാകുന്നതിലും കോൺഗ്രസ് സമീപനം കാരണമായിട്ടുണ്ട്.
കേരളത്തിലെ സമീപകാല ചരിത്രത്തിലും ബിജെപി, കോൺഗ്രസ് ബന്ധം എടുത്തുകാട്ടാൻ ധാരാളമുണ്ട്. 2016ൽ നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായം ചെയ്തത് കോൺഗ്രസുകാരാണ്. 2021ൽ സിപിഎം ഇത് പൂട്ടിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിൽ സിപിഎമ്മിനെ അധികാരത്തിൽ നിന്നകറ്റാൻ ബിജെപിയും കോൺഗ്രസും പരസ്പരം സഹായിച്ചു. പഴയ കോലീബി സഖ്യവും എം.എ. ബേബി ഓർമിപ്പിച്ചു.
പൊതുയോഗങ്ങളിൽ ചോദ്യം വന്നാൽ സാഹചര്യം അനുസരിച്ച് മറുപടി
പൊതുയോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ സദസിൽ നിന്ന് ചോദ്യം വന്നാൽ അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് മറുപടി നൽകുമെന്ന് എം.എ. ബേബി പറഞ്ഞു.
കോന്നിയിൽ പ്രസംഗത്തിനിടെ ചോദ്യം ഉയർന്നപ്പോൾ വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു ബേബി.
പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ചയാൾ തന്നെ സാഹചര്യം വ്യക്തമാക്കിയിടുണ്ട്. ജനങ്ങളുമായുള്ള ഇടപെടലിന് ഒരു ശൈലി വേണമെന്നത് എല്ലാവർക്കും ബാധകമാണ്. വിമർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തനശൈലി മാറ്റേണ്ട സാഹചര്യവും ചിലപ്പോഴുണ്ടാകാം.
കേരളത്തിൽ പിണറായി വിജയനെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ചില നീക്കങ്ങളുണ്ട്. പ്രളയകാലത്തും കോവിഡിലും കേരളത്തെ സംരക്ഷിച്ചു നിർത്തിയ മുഖ്യമന്ത്രിയാണ് അദ്ദേഹം. കമ്യൂണിസ്റ്റുകാർക്ക് ദൈവത്തിൽ വിശ്വാസമില്ലെങ്കിലും ദൈവത്തിന് കമ്യൂണിസ്റ്റുകാരിൽ വിശ്വാസമുണ്ടെന്നതിനു തെളിവാണ് കേരളം വെല്ലുവിളി നേരിട്ട കാലഘട്ടത്തിൽ പിണറായിയെ നേതൃസ്ഥാനത്ത് എത്തിച്ചതെന്നു പറഞ്ഞത് അന്തരിച്ച ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയാണെന്ന് ബേബി ചൂണ്ടിക്കാട്ടി.
ജി.സുധാകരനെ മുഖ്യമന്ത്രി വ്യക്തിപരമായി വിമർശിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ നിലപാടിനെ വിമർശിക്കാനാന്നണ് ചെറ്റത്തരം എന്ന വാക്കുപയോഗിച്ചത്. ഓരോരുത്തർക്കും അവരുടെ ഭാഷയുണ്ട്. പാർട്ടി അച്ചടക്കത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിന്‍റെ ഏതാനും വാക്കുകളെ പർവതീകരിച്ച് പെരുമാറ്റ ദൂഷ്യം ആരോപിക്കാനാണ് ശ്രമിക്കുന്നത്.
മറുവശത്ത് വികസനത്തിന്‍റെ കാര്യത്തിൽ പിണറായി വിജയനുള്ള കണിശതയും നിശ്ചയദാർഢ്യവും മറ്റൊരു ഭരണാധികാരിയിലും കണ്ടിട്ടില്ല. ദേശീയ പാത വികസനത്തിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടുകളെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പോലും പ്രശംസിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്തു വർഷം എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് എന്താണ് ചെയ്തത് എന്നതിനനുസരിച്ച ചർച്ച നടക്കണം.
ആരോഗ്യ മേഖലയിൽ നേട്ടം
ആരോഗ്യ മേഖലയിൽ കഴിഞ്ഞ കാലയളവിൽ വലിയ നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞതായി ബേബി ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തെ പിഴവുകൾ ലോകവ്യാപകമായ പ്രതിഭാസമാണ്. ഇതുമായി താരതമ്യപ്പെടുത്തുന്പോൾ കേരളത്തിലുണ്ടാകുന്നത് നേരിയ ശതമാനം മാത്രമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിഴവുകളില്ലാതെ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കാൻ ആരോഗ്യ മേഖലയിലുള്ളവർക്ക് ബാധ്യതയുണ്ട്.
ഒരു തരത്തിലും തെറ്റുകൾ സംഭവിക്കാൻ പാടില്ല എന്നു തന്നെയാണ് നിലപാടെന്നും എം.എ. ബേബി പറഞ്ഞു. കേരളത്തിലെ സർക്കാർ ആശുപത്രികളിലുണ്ടായ മാറ്റം കാണാതെ പോകരുത്. അവയവമാറ്റ ശസ്ത്രക്രിയകൾ നടത്താൻ പോലും കഴിയുന്ന തരത്തിൽ ആശുപത്രികൾ മാറി. നാട്ടിൻപുറങ്ങളിൽപോലും ഹൃദയ ചികിത്സ ലഭിച്ചു തുടങ്ങിയതോടെ അനേക ജീവനുകളാണ് സംരക്ഷിക്കപ്പെട്ടത്. കേരളത്തിലെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽപോലും ഹൃദയ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നുവെന്നത് വലിയ കാര്യമാണെന്ന് ബേബി അഭിപ്രായപ്പെട്ടു.
Tags : BJP CPM false M.A. Baby