തിരുവനന്തപുരം: നെല്ല് സംഭരണത്തിനുള്ള സംസ്ഥാന ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം കേരളം തള്ളിക്കളയുന്നുവെന്നു മന്ത്രി പി. പ്രസാദ്. കേന്ദ്ര നിർദേശം അംഗീകരിക്കാനാവില്ല.
ബോണസിന്റെ കാര്യം മാത്രമല്ല, കത്തിനകത്തുള്ള പല കാര്യങ്ങളും ഉൾക്കൊള്ളാൻ കഴിയില്ല. പരമാവധി നെല്ല് ഉത്പാദിപ്പിക്കാൻ പ്രോത്സാഹനം നൽകേണ്ടിടത്തു കേരളത്തിലെ ഉല്പാദനം കൂടുന്നു, ജലചൂഷണവും പരിസ്ഥതിക്കു നാശവും സംഭവിക്കുന്നു എന്നതടക്കം കത്തിൽ പറയുന്ന പല കാര്യങ്ങളും അങ്ങേയറ്റം അബദ്ധജഡിലമായ കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.
വെള്ളം കൊടുത്തു കൃഷി ചെയ്യേണ്ട സാഹചര്യം അപൂർവമായേ കേരളത്തിൽ ഉള്ളൂ. ഒരേക്കർ വയൽ ഏതാണ്ട് രണ്ടു മുതൽ ആറുലക്ഷം ലിറ്റർ വരെ വെള്ളം സംഭരിക്കുന്നുണ്ടെന്നാണു ശാസ്ത്രീയമായി കണക്കാക്കിയിരിക്കുന്നത്. ഈ കണക്കുകൾ മനസിലാക്കാതെയാണു നെൽകൃഷി ചെയ്താൽ പ്രശ്നമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൃഷി സംസ്ഥാന വിഷയമാണ്. സംസ്ഥാന വിഷയത്തിനകത്ത് ഇത്തരം കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
കേന്ദ്ര തീരുമാനം രാഷ്ട്രീയപരമാണെന്നും പറഞ്ഞു. നെല്ലിന് 40 രൂപ കേന്ദ്രം നൽകേണ്ടത് അനിവാര്യമാണ്. അത് നൽകുന്നില്ല എന്നു മാത്രമല്ല, ഇത് ഒഴിവാക്കണം എന്നു പറയുന്നതു കൃഷി നടക്കാൻ വേണ്ടിയല്ല, കൃഷി മുടക്കാൻ വേണ്ടിയുള്ള ഒരു നീക്കമായാണു കാണുന്നത്. ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചുകൊണ്ട് കേന്ദ്ര കൃഷി മന്ത്രിയ്ക്കു കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പ്രസാദ് പറഞ്ഞു.
Tags : Minister P. Prasad paddy storage Bonus