കാലിഫോർണിയ: ലോകകപ്പ് ഫുട്ബോളിൽ വന്പൻ ടീമായ യുറഗ്വായ്യെയും വിറപ്പിച്ച് കേപ് വെർദെ. ആദ്യം സ്പെയിനിനെ സമനിലയിൽ തളച്ച കേപ് വെർദെ ഇപ്പോൾ യുറഗ്വായ്യെയും സമനിലയിൽ കുരുക്കിയിരിക്കുകയാണ്. യുറഗ്വായ്ക്കെതിരെ രണ്ട് ഗോളുകൾ അടിച്ചാണ് ഇക്കുറി കേപ് വെർദെയുടെ മുന്നേറ്റം.
21-ാം മിനിറ്റിൽ യുറഗ്വായ്യെ ഞെട്ടിച്ച് കേപ് വെർദെ ലീഡെടുത്തു. ഫ്രീകിക്ക് മികച്ച ഷോട്ടിലൂടെ ബോൾ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന ടീമിന് ചരിത്രഗോൾ സമ്മാനിച്ചു. കേപ് വെർദെയുടെ ആദ്യ ലോകകപ്പ് ഗോൾ. നേരത്തേ സ്പെയിനിനെതിരായ മത്സരം സമനിലയിലായതോടെ ലോകകപ്പിലെ ആദ്യ പോയന്റ് കേപ് വെർദെ സ്വന്തമാക്കിയിരുന്നു.
എന്നാൽ മാക്സി അരാഹോ 44-ാം മിനിറ്റിൽ യുറഗ്വായ്ക്കായി സമനില ഗോൾ നേടി. തുടർന്ന് ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അഗസ്റ്റിൻ കനോബിയോയും ഗോളടിച്ചതോടെ യുറഗ്വായ് ആദ്യ പകുതിയിൽ മുന്നിട്ടുനിന്നു.
എന്നാൽ രണ്ടാം പകുതിയിലും വിട്ടുകൊടുക്കാതെ പോരാടുന്ന കേപ് വെർദെ സംഘത്തിനു മുന്നിൽ മുൻ ചാമ്പ്യന്മാർ പ്രതിരോധിക്കാൻ ബുദ്ധിമുട്ടി. തുടർന്ന് യുറഗ്വായ് പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് കേപ് വെർദെ രണ്ടാം ഗോളുമടിച്ചു. ഇതോടെ ഇരുടീമുകളും രണ്ട് ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
Tags : Cape Verde Uruguay football