ചാലക്കുടി: ദേശീയപാത 544ൽ മുരിങ്ങൂർ - കൊരട്ടി - ചിറങ്ങര അടിപ്പാത നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും അറ്റകുറ്റപ്പണികൾക്കും ഭാരപരിശോധന നടത്തുന്നതിനുമായി ഇന്നു രാത്രി ഒന്പതുമുതൽ തുടർച്ചയായി ആറു ദിവസത്തേക്കു ചാലക്കുടി പാലത്തിന്റെ ഒരു ഭാഗം അടയ്ക്കുന്നു. പുഴയ്ക്കു കുറുകെ പടിഞ്ഞാറുവശത്തുള്ള പഴയ പാലമാണ് അടയ്ക്കുക. കിഴക്കുഭാഗത്തുള്ള പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ ഓരോ വരിയായി കടത്തിവിടും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വാഹനങ്ങൾ സുഗമമായി കടന്നുപോകാനും ഗതാഗത ക്രമീകരണങ്ങളും നിശ്ചയിച്ചു.
തൃശൂർ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കോട്ടമുറിയിൽനിന്നു തിരിഞ്ഞ് സാൻജോ നഗർ, പാറക്കൂട്ടം, കിൻഫ്ര, കോനൂർ, പെരുമ്പി വഴി ദേശീയപാതയിലേക്കു തിരിച്ചുവിടും. എറണാകുളം ഭാഗത്തുനിന്നും തൃശൂരിലേക്കു വരുന്ന വാഹനങ്ങൾ ചിറങ്ങര മേൽപ്പാലം വഴി തിരിഞ്ഞ് ദേവമാത, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂർ വഴി ദേശീയപാതയിലേക്കു തിരിച്ചുവിടും.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി പി.എച്ച്. ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി വിപുലമായ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചുവരുന്ന കൺട്രോൾ റൂമിനു പുറമേ ഗതാഗത ക്രമീകരണങ്ങൾക്കായി കൊരട്ടി എസ്എച്ച്ഒ എൻ. ഹബീബുള്ള അടക്കം പത്തു പോലീസ് ഉദ്യോഗസ്ഥരെയും പത്തു ട്രാഫിക് വാർഡൻമാരെയും അഞ്ച് സായുധ പോലീസ് സേനാംഗങ്ങൾ, രണ്ടു ഹോം ഗാർഡുകൾ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. ഹൈവേ പോലീസിന്റെ പ്രത്യേക നിരീക്ഷണവും സ്ഥലത്തുണ്ടാകും.