തിരുവനന്തപുരം: കോണ്ഗ്രസ് മുഖ്യമന്ത്രി തർക്കം തെരുവിലേക്ക്. മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിൽ എത്തി ചർച്ചകൾ നടത്തിയതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ മുഖ്യമന്ത്രിക്കായി പ്രകടനങ്ങൾ നടന്നു. ജനപിന്തുണ ഒപ്പമുള്ള വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായാണ് സംസ്ഥാനത്തെ പലയിടങ്ങളിലും കോണ്ഗ്രസ് പ്രകടനങ്ങൾ നടന്നത്.
മുഖ്യമന്ത്രി തർക്കം തെരുവിലേക്കു വലിച്ചിഴയ്ക്കാൻ ഇടയാക്കിയതിലെ അതൃപ്തി ഹൈക്കമാൻഡ് നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ ഘടകകക്ഷി നേതാക്കൾ തുറന്നടിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനം വേഗത്തിൽ വേണമെന്നും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച് വിജയത്തിന്റെ മാറ്റു കുറയ്ക്കരുതെന്നുമായിരുന്നു ഘടകകക്ഷി നേതാക്കളുടെ ആവശ്യം. നിലവിലുള്ള എംഎൽഎമാരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഘടകകക്ഷി നേതാക്കൾ ഉന്നയിച്ചു.
പൊതുജനവികാരംകൂടി കണക്കിലെടുത്തുള്ള തീരുമാനമാകണം കൈക്കൊള്ളേണ്ടതെന്ന ആവശ്യമാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലെത്തിയ മുസ്ലിം ലീഗ് പ്രതിനിധി സംഘം ഉന്നയിച്ചത്.
ലീഗിനെതിരേ പരസ്യവിമർശനം നടത്തിയ കോണ്ഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ പ്രതികരണത്തിലെ അതൃപ്തിയും ലീഗ് പ്രകടിപ്പിച്ചതായാണ് വിവരം. കോണ്ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്ന കുഴൽനാടന്റെ പ്രസ്താവനയ്ക്കെതിരേ യൂത്ത് ലീഗും ചില സ്ഥലങ്ങളിൽ പ്രതിഷേധിച്ചു.
എംഎൽഎമാർ, എംപിമാർ, ഘടകകക്ഷി നേതാക്കൾ എന്നിവരെ കണ്ട് അഭിപ്രായം തേടിയ നിരീക്ഷകസംഘം ഇന്നലെ രാത്രിയോടെ ഡൽഹിക്കു മടങ്ങി. ഇന്നു കോണ്ഗ്രസ് പ്രസിഡന്റിന് റിപ്പോർട്ട് നൽകും. പിന്നീട് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി ഡൽഹിയിൽ നടത്തുന്ന ചർച്ചയ്ക്കു ശേഷം ഞായറാഴ്ച മുഖ്യമന്ത്രി പ്രഖ്യാപനം വരുമെന്നാണു സൂചന.
ഇന്നലെ ഹൈക്കമാൻഡ് നിരീക്ഷകസംഘം കോണ്ഗ്രസ് എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മൂന്നു പക്ഷവും എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കാണെന്ന അവകാശവാദവുമായി രംഗത്തെത്തി. ഏറ്റവും കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. മറ്റുള്ളവരും തൊട്ടടുത്തുള്ള സംഖ്യകളിൽ അവകാശവാദമുന്നയിച്ചു. എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ പ്രധാനമെന്ന് ഹൈക്കമാൻഡ് നിരീക്ഷകസംഘം പറഞ്ഞു.
ഇന്നലെ ഹൈക്കമാൻഡ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്പും ശേഷവുമായി ഘടകകക്ഷി നേതാക്കൾ കന്റോണ്മെന്റ് ഹൗസിലെത്തി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ചില ഘടകകക്ഷി നേതാക്കൾ രാത്രിയിലും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഒറ്റ അംഗമുള്ളവർക്ക് അഞ്ചു വർഷവും മന്ത്രിസ്ഥാനം നൽകണമെന്നും പ്രധാനപ്പെട്ട വകുപ്പുകൾ വേണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ചിലർ ഉന്നയിച്ചതായാണ് വിവരം.