കോട്ടയം: പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയം ജില്ലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ഥം എത്തിയ മുഖ്യമന്ത്രി കാഞ്ഞിരപ്പള്ളി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസായ യെച്ചൂരി ഭവനില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
യുഡിഎഫിനു വസ്തുതകള്‍ വച്ചു എല്‍ഡിഎഫിനെ എതിര്‍ക്കാനാകുന്നില്ല. ജനങ്ങളിലാണ് എല്‍ഡിഎഫിനു വിശ്വാസം. മുണ്ടക്കൈ ചൂരല്‍ മല പുനരധിവാസം ഏകപക്ഷീയമായ തീരുമാനമല്ല. രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം കേരളത്തിനെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയാണ്. കേന്ദ്രം പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുമ്പോള്‍ കേരളം അവയെ സംരക്ഷിക്കുകയും ലാഭത്തിലാക്കുകയാണ് ചെയ്തത്. റബര്‍ കൃഷി മേഖലയില്‍ കര്‍ഷകര്‍ നേരിട്ട പ്രതിസന്ധികള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച നയങ്ങളെത്തുടര്‍ന്നാണ്.
ആ നയം തന്നെ ബിജെപി സര്‍ക്കാരും തുടര്‍ന്നു. എന്നാല്‍ റബര്‍ കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് കേരളത്തിന്റേത്. റബറിന് താങ്ങുവില നല്‍കുന്നത് കേരളം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയോരമേഖലയിലെ മനുഷ്യ-വന്യ ജീവി സംഘര്‍ഷം ജനങ്ങളുടെ ജീവനെയും ജീവിതത്തെയും നേരിട്ടു ബാധിക്കുന്ന പ്രശ്നമായി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. പക്ഷേ, സംസ്ഥാനത്തിന് ഒറ്റയ്ക്കു നിയമങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കില്ല.
കാട്ടുജീവിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് കേരളമാണ്. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുക 10 ലക്ഷത്തില്‍ നിന്ന് 14 ലക്ഷമായി സംസ്ഥാനം ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരം നാലിന് ചങ്ങനാശേരിയിലാണ് രണ്ടാമത്തെ പൊതുസമ്മേളനം. അഞ്ചിനു ഏറ്റുമാനൂര്‍ കോവില്‍പാടം മൈതാനത്തും ആറിന് പാലാ കൊട്ടാരമറ്റം ബസ്റ്റാന്‍ഡിലും ചേരുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കും.
Tags : Chief Minister Pinarayi Vijayan legislative assembly election cpm ldf