x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്‍ദോസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം; വീട്ടിലെത്തി മടങ്ങി ഫ്രാൻസിസ് ജോർജ്


Published: March 20, 2026 05:56 PM IST | Updated: March 20, 2026 05:57 PM IST

കൊച്ചി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം. എല്‍ദോസ് കുന്നപ്പിള്ളിയെ രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് സംസാരിച്ചു. വിമതനായി മത്സരിക്കരുതെന്നും നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നിലപാട് വ്യക്തമാക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചിരുന്നെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. പെരുമ്പാവൂര്‍ പുല്ലുവഴിയിലെയും മൂവാറ്റുപുഴ പടന്നപ്പള്ളിയിലെയും വീട്ടില്‍ എല്‍ദോസ് ഇല്ല. ഫ്രാന്‍സിസ് ജോര്‍ജ് എംപി എല്‍ദോസിനെ കാണാനായി വീട്ടില്‍ എത്തിയെങ്കിലും കാണാതെ മടങ്ങി.

തന്‍റെ വീട് ഇവിടെയല്ലേ ഇതുവഴി പോയപ്പോള്‍ കയറിയതാണ് എന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് എംപി മാധ്യമങ്ങളോട് പ്രതികരിച്ചത്. മത്സരിച്ചിരുന്ന സീറ്റില്‍ മറ്റൊരു സ്ഥാനാര്‍ഥി എത്തുമ്പോള്‍ ആര്‍ക്കായാലും ബുദ്ധിമുട്ട് തോന്നുമെന്നും പക്ഷേ എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസിന്‍റെ മുന്‍പന്തിയില്‍ തന്നെ ഉണ്ടാവുമെന്നും എംപി പറഞ്ഞു.

അദ്ദേഹം മത്സരിച്ചിരുന്ന സീറ്റ് അല്ലേ. പാര്‍ട്ടിയുടെ തീരുമാനം വന്നാല്‍ അത് അനുസരിച്ച് മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞല്ലോ. എല്ലാ കാര്യങ്ങളും പരിഹരിച്ച് തന്നെ മുന്നോട്ട് പോകും. അദ്ദേഹം ഇവിടെയുണ്ടോ തിരിച്ചെത്തിയോ എന്നറിയാനാണ് ഇങ്ങോട്ടേക്ക് കയറിയത്. അങ്ങനൊരു പ്രശ്‌നങ്ങള്‍ ഒന്നുമില്ല. വിമതനാകുമെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹം എംഎല്‍എ ആയിട്ടും ഈ മേഖലയില്‍ യുഡിഎഫിന്‍റെ സജീവ പ്രവര്‍ത്തകനായിട്ടും ഇരുന്നതല്ലേ എന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

എൽദോസ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു, പിന്നെ എംല്‍എ ആയി. എല്ലാ കാര്യങ്ങളിലും സജീവമായിട്ട് പോകുന്ന ആളല്ലേ. പ്രസ്ഥാനം പ്രതീക്ഷയോടെ നോക്കുന്ന ആളല്ലേ, ചെറുപ്പക്കാരനല്ലേ. നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകും. ഏത് പാര്‍ട്ടിയിലാണെങ്കിലും ഇങ്ങനെയുള്ള തീരുമാനങ്ങള്‍ വരുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടാണ്. യുഡിഎഫിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട ആളാണ്. അത് അദ്ദേഹം ചെയ്യുമെന്ന് എനിക്കും കോണ്‍ഗ്രസിനും നൂറു ശതമാനം ഉറപ്പുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.

Tags : Congress eldhose kunnappilly Francis George legislative assembly election

Recent News

Corehub Up