കൊച്ചി: ദേശീയപാതയില്‍ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ വീണ് മരിച്ച പിക്ക്അപ്പ് വാന്‍ ഡ്രൈവറുടെ കുടുംബത്തിന് ധനസഹായം. 25 ലക്ഷം രൂപ നൽകാമെന്ന് കരാർ കന്പനി അറിയിച്ചു.
ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് (47) ആണ് മരിച്ചത്. കുടുംബത്തിനുള്ള തുക വെള്ളിയാഴ്ച നൽകും. 25 ലക്ഷം ചെക്കായി കൈമാറും. കാർത്തികപ്പള്ളി തഹസിൽദാർക്കാണ് ചെക്ക് കൈമാറുക. രാജേഷിന്റെ മൃതദേഹം ഉടൻ വീട്ടിലെത്തിക്കും.
ദേശീയപാത 66ല്‍ ചമ്മനാട് കണ്ണുകുളങ്ങര ഭാഗത്ത് മേല്‍പ്പാലത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് ഗര്‍ഡറുകള്‍ നിലം പതിച്ചത്. 50 മീറ്റര്‍ നീളമുള്ള 80 ടണ്‍ ഭാരമുള്ള രണ്ട് കൂറ്റന്‍ ഗര്‍ഡറുകളാണ് സാങ്കേതിക പിഴവുമൂലം നിലം പൊത്തിയത്.
ക്രെയിന്‍ ഉപയോഗിച്ച് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിക്ക് അപ്പ് വാനിന്റെ വലത് വശം മുഴുവനായി ഭീമിന്റെ അടിയില്‍പ്പെട്ട് തകര്‍ന്നു.