കൊച്ചി: പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം കൗൺസിലർ വി.കെ നിഷാദിന് കേരള ഹൈക്കോടതി ഏഴ് ദിവസത്തെ പരോൾ അനുവദിച്ചു. പിതാവിന്റെ ചികിത്സാർത്ഥം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എന്നാൽ, നിഷാദിന് തുടർച്ചയായി ലഭിക്കുന്ന പരോളുകളും മുൻപത്തെ പരോൾ ലംഘനങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
20 വർഷത്തെ ശിക്ഷാവിധി വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ നിഷാദിന് പരോൾ ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. ജനുവരി 26-ന് ജയിൽ അധികൃതർ ആറ് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.
ഇത് പൂർത്തിയായി അധികം വൈകാതെയാണ് പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്ന് വീണ്ടും ഏഴ് ദിവസത്തെ പരോൾ നേടിയത്.
പിതാവിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി പരോളിലിറങ്ങിയ സമയത്താണ് നിഷാദ് പയ്യന്നൂരിൽ സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. പരോളിലുള്ള പ്രതികൾ രാഷ്ട്രീയ പരിപാടികളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കെയാണ് വി. കുഞ്ഞിക്കൃഷ്ണന്റെ വീടിന് മുന്നിൽ പായസം വിതരണം ചെയ്യാനും പടക്കം പൊട്ടിക്കാനും നിഷാദ് മുൻപന്തിയിലുണ്ടായിരുന്നത്.
പയ്യന്നൂർ നഗരസഭയിലെ മൊട്ടമ്മൽ വാർഡിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചെങ്കിലും, ശിക്ഷിക്കപ്പെട്ട് ജയിലിലായതിനാൽ നിഷാദിന് ഇതുവരെ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിട്ടില്ല. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക് ഇത്ര ലഘുവായി പരോൾ ലഭിക്കുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്.
Tags : CPM councilor V.K. Nishad High Court parole