കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്ങൾക്കു വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നാരോപിച്ചു ഉദ്യോഗസ്ഥര്‍ വീണ്ടും ഹൈക്കോടതിയില്‍. കുറ്റ്യാടി മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം തേടി.
വോട്ടെണ്ണലിന് മുമ്പു തന്നെ ഹര്‍ജി പരിഗണിക്കുന്നതിനായി ഈമാസം 21 നകം വിശദീകരണം നല്‍കാനാണു ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ നിര്‍ദേശം.
പോസ്റ്റല്‍ വോട്ട് നിഷേധിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിരുന്ന വി.പി.മുഹമ്മദ് സിനാന് അടക്കമാണു കോടതിയെ സമീപിച്ചത്. ഫോം 12 സമര്‍പ്പിച്ചിട്ടും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍നിന്ന് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അവസരം നല്‍കുമെന്ന് കമ്മീഷന് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വോട്ടെണ്ണല്‍ നടക്കുന്ന മേയ് നാലിനുമുമ്പ് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കണമെന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാശ്വതമായ സംവിധാനം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിനുമുമ്പ് എന്‍ജിഒ യൂണിയന് അടക്കമുള്ളവര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജികളില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
Tags : Kerala High Court vote Election officials Niyama sabha election