രാഷ്ട്രീയം സാധ്യതകളുടെയും അവസരങ്ങളുടെയും കലയാണെന്ന് പറയാറുണ്ട്. അതുകൊണ്ടുതന്നെ അവിടെ സീറ്റിനായുള്ള മോഹവും മോഹഭംഗങ്ങളും ചരടുവലികളുംമെല്ലാം തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് സാധാരണം.
ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. അർഹതയുണ്ടായിട്ടും അവസരം ലഭിക്കാത്തവർ, അവസാന നിമിഷം സീറ്റ് നഷ്ടമായവർ, എംപി സ്ഥാനം മടുത്ത് എംഎൽഎ ആകാൻ ആഗ്രഹിച്ചവർ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.
കേഡർ പാർട്ടിയെന്നു വിശേഷിപ്പിക്കുന്ന സിപിഎമ്മിൽ ഇത്തരം പ്രവണതകൾ അധികം മറനീക്കി പുറത്തു വരാറില്ല. എന്നാൽ കോൺഗ്രസിലാകട്ടെ മറിച്ചും.

എംപി മാരായ കെ. സുധാകരനും അടൂർ പ്രകാശും നിയമസഭാ സീറ്റിനായി നടത്തിയ കോലാഹലങ്ങൾ രാഷ്ട്രീയകേരളം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്.
കണ്ണൂരും കോന്നിയും പിടിച്ചടക്കാൻ തങ്ങൾ വേണമെന്ന അവരുടെ വാദത്തിൽ കഴമ്പുണ്ടെങ്കിലും ഹൈക്കമാൻഡ് മാറ്റു പല മാനദണ്ഡങ്ങളുമാണ് കണക്കിലെടുത്തത്. അങ്ങനെ ഇരുവരുടേയും മോഹം പൊലിഞ്ഞു. എംപിമാർക്ക് സീറ്റില്ല എന്ന കർശന നിലപാടിൽ ഉറച്ചുനിന്ന കോൺഗ്രസ് ഹൈക്കമാൻഡ് ഒടുവിൽ വിജയം കണ്ടു.

കോൺഗ്രസിൽ സീറ്റിന് ഏറെ അർഹതയുള്ള ഈ വനിതാ നേതാവിന് അവസരങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടുകയാണ് പലപ്പോഴും. തദ്ദേശ തെരഞെടുപ്പിനെ തുടർന്ന് കൊച്ചി മേയറായി പറഞ്ഞുകേട്ട പേര് ദീപ്തിയുടേതായിരുന്നു.
അവസാന നിമിഷം പലരുടെയും ചരടുവലികളിലൂടെ അതു നഷ്ടമായി. ഇപ്പോൾ കൊച്ചി സീറ്റിൽ സ്ഥാനാർഥിയാകുമെന്നു കരുതി "സർവം ദീപ്തം' എന്ന പേരിൽ പോസ്റ്റർ വരെ പ്രിന്റ് ചെയ്തു.
മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ശേഷം സ്ഥാനാർഥിലിസ്റ്റ് വന്നപ്പോൾ ദീപ്തി ഔട്ട്. തുടരെയുള്ള ഈ അവഗണനകൾക്കെതിരേ ദീപ്തി അസ്വസ്ഥയാണെങ്കിലും അവർ വളരെ കരുതലോടയാണ് പ്രതികരിക്കുന്നത്.

സിറ്റിംഗ് എംൽഎ മാരിൽ അവസരം നഷ്ടപ്പെട്ട രണ്ടു കോൺഗ്രസ് എംഎൽഎ മാരിൽ ഒരാളായി എൽദോസ് കുന്നപ്പിള്ളി. എൽദോസിന്റെ സീറ്റുനഷ്ടം അപ്രതീക്ഷിതമാണെന്നു പറയാൻ പറ്റില്ല. എൽദോസുമായി ബന്ധപ്പെട്ട കേസ് കോടതിയിലുള്ളത് ഹൈക്കമാൻഡിന്റെ മുന്നിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എൽദോസിന്റെ സമ്മർദതന്ത്രങ്ങൾ ഫലിച്ചില്ല.
ഹൈക്കമാൻഡ് നടപടിയിൽ വളരെ വൈകാരികമായാണ് എൽദോസ് പ്രതികരിച്ചത്. സ്വതന്ത്രനായി മത്സരിക്കാൻ വരെ ആലോചിച്ചെങ്കിലും ഇപ്പോൾ പാർട്ടിയോടൊപ്പം എന്ന ലൈൻ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ജോസഫ് വാഴയ്ക്കൻ എന്ന കോൺഗ്രസിന്റെ മുൻനിര നേതാവിനുണ്ടായ അനുഭവവും വ്യത്യസ്തമല്ല. തലേദിവസം വരെ ഏറ്റുമാനൂർ സീറ്റ് എന്ന നിലയിൽ എല്ലാം ഭദ്രമായിരുന്നു. പക്ഷേ ഒറ്റരാത്രികൊണ്ട് എല്ലാം തകിടം മറിഞ്ഞു. പല സമവാക്യങ്ങളിലൂടെയും കണക്കുകൂട്ടലിലൂടെയും അദ്ദേഹം ഔട്ട്.
പാർട്ടിയുടെ നടപടി വാഴയ്ക്കന് ഏറെ വേദനയുണ്ടാക്കിയെങ്കിലും വളരെ പക്വതയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. പാർട്ടിയാണ് തന്നെ ഇതുവരെ എത്തിച്ചതെന്നും അവസാനം വരെ കോൺഗ്രസുകാരനായിരിക്കുമെന്നും ജോസഫ് വാഴക്കൻ പറഞ്ഞു.

കോൺഗ്രസ് സ്ത്രീകളെ അവഗണിക്കുന്നു എന്ന പരാതിയുമായി ഷമ മുഹമ്മദും രംഗത്തെത്തി. പല തെരഞ്ഞെടുപ്പുകളിലും ഷമ സീറ്റ് ആഗ്രഹിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല.
കോൺഗ്രസ് ദേശീയ വക്താവ് ആണെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ഒതുക്കുകയാണെന്ന കടുത്ത പരാതി അവർക്കുണ്ട്. ഇത്തവണ കണ്ണൂർ സീറ്റ് ഷമ പ്രതീക്ഷിച്ചിരുന്നു.
ഒൻപത് സ്ത്രീകൾക്കു മാത്രമാണ് കോൺഗ്രസ് സീറ്റ് നൽകിയതെന്നും പാർട്ടിയിലെ സ്ത്രീകൾക്കായി രാഹുൽ ഗാന്ധി ഇടപെടണമെന്നും ഷമ ആവശ്യപ്പെട്ടു.

പോഷകസംഘടനാ പ്രസിഡന്റുമാർക്ക് സാധാരണ കോൺഗ്രസ് സീറ്റ് നൽകാറുണ്ട്. അതുകൊണ്ടുതന്നെ കെഎസ്യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ തനിക്കു സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
ഇടുക്കിയിലും പൂഞ്ഞാറിലുമൊക്കെ അലോഷ്യസിന്റെ പേരുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ഉണ്ടായ ചില നീക്കുപോക്കിൽ അലോഷ്യസിനു സീറ്റ് നഷ്ടമായി. സീറ്റില്ല എന്നറിഞ്ഞു കെഎസ് യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങിയ അദ്ദേഹത്തെ കെ.സി. വേണുഗോപാൽ അനുനയിപ്പിക്കുകയായിരുന്നു.

മുസ്ലിം ലീഗിൽ പൊതുവെ സ്ഥാനാർഥിത്വം സംബന്ധിച്ച് അസ്വാരസ്യങ്ങൾ പുറത്തകാറില്ല. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ചു. തിരൂരങ്ങാടി സീറ്റ് ആഗ്രഹിച്ച അബ്ദുൽ റഹ്മാൻ രണ്ടത്താണി അതു ലഭിക്കാത്തതിലുള്ള നീരസം മറച്ചുവച്ചില്ല. അർഹതയുള്ളവരെ പാർട്ടി തഴയുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അവസരം മുതലാക്കി ഇടതുപക്ഷം അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ശ്രമിച്ചെങ്കിലും ലീഗ് നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ പുനലൂരിലെ ലീഗ് സ്ഥാനാർഥിയായിരുന്നു അബ്ദുൽ റഹ്മാൻ രണ്ടത്താണി.
Tags : Disappointment Kerala Assembly Election Niyama Sabha Election