തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേൽക്കാനിരിക്കെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്യമായ പിന്തുണ നൽകിയിട്ടും തങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാൻ സഭാ നേതൃത്വം തീരുമാനിച്ചു.
സമുദായത്തിൽ നിന്ന് നാല് കോൺഗ്രസ് എംഎൽഎമാർ വിജയിച്ചിട്ടും മന്ത്രിസഭയിൽ ലത്തീൻ വിഭാഗത്തിന് പ്രാതിനിധ്യം നൽകാത്തതാണ് സഭയെ ചൊടിപ്പിച്ചിരിക്കുന്നത്. സമുദായത്തിൽ നിന്നുള്ള മുതിർന്ന നേതാവായ എം. വിൻസെന്റിനെ മന്ത്രിയാക്കാത്തതിൽ ലത്തീൻ സഭയ്ക്ക് കടുത്ത അമർഷമുണ്ട്. തീരദേശ മേഖലയുമായി അടുത്ത ബന്ധമുള്ള ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകിയതിലും സഭാ നേതൃത്വം പരസ്യമായി അതൃപ്തി രേഖപ്പെടുത്തി.
ടോണി ചമ്മിണി, ടി.ജെ. വിനോദ്, എ.ഡി. തോമസ്, എം. വിൻസെന്റ് എന്നിങ്ങനെ നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തെ പൂർണമായി അവഗണിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.