കൊച്ചി: എടയാറില്‍ തീപിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്‌കാരം വൈകുന്നു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കമ്പനിയില്‍ സുരക്ഷ വീഴ്ചയുണ്ടായി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
തീപിടിത്തത്തില്‍ ബിഹാര്‍ സ്വദേശിയായ ശത്രുഘ്‌നന്‍ മുഖ്യ (45) എന്നയാളാണ് മരിച്ചത്. മുഖ്യയുടെ മൃതദേഹവുമായി എടയാര്‍ ജംഗഷനിലേക്ക് പോകും. റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുമെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എടയാറിലെ കമ്പനികളില്‍ 11 വയസു മുതലുള്ള കുട്ടികള്‍ പണിയെടുക്കുന്നുണ്ട്. ഈ കമ്പനികളില്‍ ചെക്കിംഗും സുരക്ഷാ മാനദണ്ഡങ്ങളുമില്ല. കൊള്ള ലാഭം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനെതിരെ പ്രതികരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
അതേസമയം ഇന്ന് രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണം എന്നായിരുന്നു തീരുമാനം.
ബോയിലര്‍ പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായത്. ചോര്‍ച്ച അടയ്ക്കാനായി കമ്പനിക്ക് ഉള്ളിലേക്ക് പോയ സമയത്താണ് ശത്രുഘ്നന്‍ മുഖ്യ അപകടത്തില്‍ പെട്ടത്. ഏലൂരില്‍ നിന്നുള്‍പ്പെടെ എട്ടോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചത്.
ബന്ധുക്കള്‍ എത്തി ആളെ കാണാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളി ഉള്ളില്‍ കുടുങ്ങിയ വിവരം അറിയുന്നത്. കത്തിക്കരിഞ്ഞ നിലയിലാണ് ഇയാളുടെ മൃതദേഹം ഫയര്‍ഫോഴ്സ് അധികൃതര്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബിനാനിപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. സമാനമായ സാഹചര്യങ്ങളില്‍ കളമശേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കമ്പനികളില്‍ മുമ്പും തീപിടിത്തം ഉണ്ടായിട്ടുണ്ട്.
Tags : Edayar fire compensation protest