കൊച്ചി: പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. ലൈംഗികാതിക്രമ കേസ് കോടതി പരിഗണനയിലുള്ളതാണ് സ്ഥാനാര്‍ഥി ആകുന്നതില്‍ തടസമായത്. എല്‍ദോസിന് പകരം പെരുമ്പാവൂരില്‍ ഉല്ലാസ് തോമസിനെയും മനോജ് മൂത്തേടത്തിനെയുമാണ് പരിഗണിക്കുന്നത്.
പെരുമ്പാവൂരില്‍ രണ്ടു തവണ വിജയിച്ച സ്ഥാനാര്‍ഥിയാണ് എല്‍ദോസ് കുന്നപ്പിള്ളി. ഏറെ ജനകീയനായ സ്ഥാനാര്‍ഥി ആയിരുന്നു എല്‍ദോസ് കുന്നപ്പിള്ളിയെങ്കിലും ലൈംഗികാതിക്രമ കേസാണ് തിരിച്ചടിയത്.
സീറ്റ് ഉറപ്പിക്കാനായി എല്‍ദോസ് ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. അതിനാല്‍ തന്നെ മൂന്നാമതും താന്‍ മത്സരിക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി തന്നെ ദീപിക ഓണ്‍ലൈനോട് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ അവ്യക്തത തുടരുന്ന നിലവിലെ സാഹചര്യത്തില്‍ എല്‍ദോസ് പ്രതികരിച്ചിട്ടില്ല. തന്നെ പിന്തുണയ്ക്കണമെന്ന് മാധ്യമങ്ങളോടും എല്‍ദോസ് കുന്നപ്പിള്ളി അഭ്യര്‍ഥിച്ചിരുന്നു. പെരുമ്പാവൂരില്‍ തനിക്ക് വളരെ അനുകൂല സാഹചര്യമാണ്.
പത്തു വര്‍ഷമായി എംഎല്‍എയാണ്. നല്ല ലീഡില്‍ ജയിക്കാന്‍ പറ്റും. പെരുമ്പാവൂരിലെ ആളുകള്‍ പിന്തുണയ്ക്കും. കേന്ദ്ര നേതൃത്വത്തില്‍ നിന്നും അനുകൂലമായ നിലപാടാണ് ലഭിച്ചത് എന്ന് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. മാത്രമല്ല സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ താന്‍ നടത്തിയ വികസനങ്ങളുടെ കണക്ക് എല്‍ദോസ് പുറത്തുവിട്ടിരുന്നു.
പത്തു വര്‍ഷം കൊണ്ട് 2500 കോടിയുടെ വികസനമാണ് നടത്തിയതെന്നും 15,000 വീടുകള്‍ സന്ദര്‍ശിച്ച് ഗ്രാമയാത്ര നടത്തിയെന്നും ഫെയ്‌സ്ബുക്ക് കുറിപ്പുകളിലൂടെ എല്‍ദോസ് കുന്നിപ്പിള്ളി പങ്കുവച്ചിരുന്നു. പെരുമ്പാവൂരില്‍ വലിയൊരു പ്രശ്‌നമായി മാറിയ ഭായ് കോളനി സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Tags : Eldhose Kunnappilly election Congress