പ്രതീകാത്മക ചിത്രം.
തിരുവനന്തപുരം : സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ചയോ തിങ്കളാഴ്ചയോ വന്നേക്കും. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഒരുമിച്ചു വരാനാണ് സാധ്യത.
കേരളത്തിൽ ഒറ്റ ഘട്ടമായിത്തന്നെ ഇലക്ഷൻ നടക്കും. ഞായറാഴ്ചകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. ദത്തൻ യു. ഖേൽക്കർ കളക്ടർമാരോടും മറ്റു ഉദ്യോഗസ്ഥന്മാരോടും നിർദേശിച്ചിട്ടുണ്ട്.
ചർച്ചകൾ പൂർത്തിയായി
കമ്മീഷനുമായി ഉള്ള വിവിധ സംസ്ഥാനത്തെ ഉദ്യോഗസ്ഥതല ചർച്ചകൾ പൂർത്തിയായി. ബംഗാളുമായി ബന്ധപ്പെട്ട കാര്യത്തിൽ മാത്രമേ ഇനി ആശയക്കുഴപ്പമുള്ളൂ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൊച്ചിയിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾ നടത്തിയ ചർച്ചയിൽ ഏപ്രിൽ 14 നുള്ള വിഷുവും ഏപ്രിൽ 25നുള്ള തൃശൂർപൂരവും ഒഴിവാക്കി കേരളത്തിലെ തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല മുസ്‌ലിം നോമ്പ്, ഈസ്റ്റർ ആഘോഷങ്ങൾ എന്നിവ കഴിഞ്ഞുള്ള ദിവസം രാഷ്‌ട്രീയ പാർട്ടികൾ കൂടുതൽ സ്വാഗതം ചെയ്യുകയും ചെയ്തു. ഇങ്ങനെ വിലയിരുത്തിയാൽ ഏപ്രിൽ 17,18 തീയതികളിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയുണ്ട്. പ്രഖ്യാപനം വന്നു രണ്ടു ദിവസത്തിനുള്ളിൽ അതിനുള്ള വിജ്ഞാപനവും വരും. വിജ്ഞാപനം വന്ന് 28 ദിവസം കഴിഞ്ഞാൽ ഏതു ദിവസവും തെരഞ്ഞെടുപ്പ് നടത്താം. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള തെരഞ്ഞെടുപ്പ് സമയമാണ് 28 ദിവസം.
എന്നാൽ, പശ്ചിമബംഗാൾ തമിഴ്നാട് ആസാം എന്നിവിടങ്ങളിൽ ഒറ്റത്തവണയായി തെരഞ്ഞെടുപ്പിനുള്ള സാധ്യതയില്ല. പശ്ചിമബംഗാളിൽ ക്രമസമാധാന പ്രശ്നം ഉള്ള സ്ഥലങ്ങളിൽ പല ഘട്ടങ്ങളിലാകും എന്നു നേരത്തെതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ രാഷ്‌ട്രീയ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ സുരക്ഷയ്ക്കുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദേശിക്കുന്നുണ്ട്.
Tags : election assembly election kerakla election commission vote