തിരുവനന്തപുരം: കഴിഞ്ഞ 26 മുതല്‍ 30 വരെ ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ സംഘടിപ്പിച്ച ഇന്‍ സ്പേസ് മോഡല്‍ റോക്കറ്ററി മത്സരം 2024-25ല്‍ നാലാഞ്ചറ മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയുടെ വിദ്യുത് ടീമിന് എക്സലന്റ് ഗ്രേഡ് ലഭിച്ചതായി കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. എസ്. വിശ്വനാഥ റാവു പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന് ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍, ഐഎസ്ആര്‍ഒ, ആസ്ട്രോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ നാരായണീ നദിയുടെ തീരത്ത് താത്കാലികമായി തയാറാക്കിയ ലോഞ്ച് പാഡില്‍ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എന്‍ജിനിയറിംഗ്, സയന്‍സ് വിദ്യാര്‍ഥികളുടെ 67 ടീമുകളാണു ഫിനാലെയില്‍ പങ്കെടുത്തത്.
മോഡല്‍ റോക്കറ്ററി വിഭാഗത്തിലെ ടീമുകള്‍ക്ക് ഒരു കിലോഗ്രാം ഭാരമുള്ള പേലോഡ് വഹിച്ചുകൊണ്ട് റോക്കറ്റ് ഒരു കിലോമീറ്റര്‍ ഉയരത്തില്‍ എത്തിക്കുകയും പേലോഡും റോക്കറ്റും സുരക്ഷിതമായി വീണ്ടെടുക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ദൗത്യം. മോഡല്‍ റോക്കറ്ററി വിഭാഗത്തില്‍ 31 ടീമില്‍നിന്ന് 13 ടീമുകളാണു റോക്കറ്റ് വിക്ഷേപിക്കാന്‍ അര്‍ഹത നേടിയത്.
മാര്‍ ബസേലിയോസ് കോളജില്‍നിന്ന് ഈ വര്‍ഷം ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗില്‍ ബിരുദധാരികളായ ടീം ലീഡര്‍ ജെ.ബി. അരുണേഷ്, ഭരത് ധര്‍മേന്ദ്ര, ബി.ആര്. അലന്, നെവിന് തോമസ്, എച്ച്. ആദര്‍ശ്, ജെഫ്രി കുര്യാക്കോസ് ജോണ്‍, ആകാശ് എസ്. ഗോപിനാഥ്, ദേവ് സിദ്ധാര്‍ഥ് എന്നിവരാണു ടീം വിദ്യുതിനെ പ്രതിനിധീകരിച്ചത്. എപിജെ അബ്ദുള്‍ കലാം കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത ഏക ടീമാണ് ടീം വിദ്യുത്.
കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ വര്‍ഗീസ്, ബര്‍സാര്‍ റവ.ഡോ. കോശി ഐസക് പുന്നമൂട്ടില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് വിഭാഗം മേധാവി ഡോ.എലിസബത്ത് വര്‍ഗീസ്, അസിസ്റ്റന്റ് പ്രഫസര്‍മാരായ ആര്.ബി. അശ്വിന്, ഷൈജു സൂസണ്‍ മാത്യു തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Excellent grade Baselios College Mar Baselios College