ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപോൾ പദ്ധതിപ്രദേശത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പുള്ളിപ്പുലി ആക്രമിച്ചു. കെ. രാഹുലിനാണു പരിക്കേറ്റത്. മാസങ്ങളോളം പഴക്കമുള്ള പരിക്കുകൾ ഉണ്ടായിരുന്ന പുള്ളിപ്പുലി പിന്നാലെ ചത്തു.
ബാരാപോൾ പദ്ധതിപ്രദേശത്ത് പുഴയുടെ തീരത്ത് സോളാർ പാനലുകൾ സ്ഥാപിച്ച ഭാഗത്ത് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വൈകുന്നേരം 4.30 ഓടെ റീഡിംഗ് എടുക്കാൻ എത്തിയ കെഎസ്ഇബി സോളാർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷുമാണു പുലിയെ കാണുന്നത്.
ഭയന്നോടിയ ഇരുവരും സോളർ പാനലിന്റെ മുകളിൽ കയറിയിരുന്ന് കെഎസ്ഇബി അധികൃതരെ വിവരമറിയിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.
പുലി സമീപത്തെ കാടുപിടിച്ച ഭാഗത്തേക്കു കയറിയിട്ടുണ്ടെന്ന് ഇവർ അറിയിച്ചതോടെ വനപാലകരുടെ സംഘം നിരീക്ഷണത്തിനായി ഈ ഭാഗത്തേക്കു നീങ്ങി. തെരച്ചിൽ നടത്തുന്നതിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ വനപാലകസംഘം കൈവശമുണ്ടായിരുന്ന ടെൽവ് ബോർ തോക്ക് ഉപയോഗിച്ച് ആകാശത്തേക്കു വെടിയുതിർത്ത് പുലിയെ അകറ്റി.
പിന്നാലെ പുലിയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. സ്വാഭാവികമായി തീറ്റയെടുക്കാൻ പറ്റാത്ത വിധം ക്ഷീണമുണ്ടായിരുന്ന പുലി പരിക്കുകൾ മൂലമാണ് ചത്തതെന്നാണ് നിഗമനമെന്ന് വനപാലക സംഘം പറഞ്ഞു.
Tags : leopard attack Forest ranger injured Iritty