ആലപ്പുഴ: അരൂർ-തുറവൂർ മേൽപ്പാത നിർമാണത്തിനിടെ ഗർഡറുകൾ പതിച്ചുണ്ടായ അപകടത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്. നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
അപകടത്തിൽ ഹരിപ്പാട് സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് മരിച്ചിരുന്നു. പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. ഗർഡറുകൾ ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ നിലം പതിക്കുകയായിരുന്നു.
ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോയ രാജേഷിന്റെ വാനിന് മുകളിലേക്കാണ് ഗർഡറുകൾ വീണത്. വാഹനം പൂർണമായി തകർന്നു. ഡ്രൈവർ ക്യാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഹൈഡ്രോളിക് ജാക്കിന്റെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് കരാർ കമ്പനി അശോക ബിൽഡ് കോണിന്റെ വിശദീകരണം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.
സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചെന്നും മന്ത്രി അറിയിച്ചു.
Tags : girder accident murder case Police